തൃശൂർ റൂറൽ : ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബോധവൽക്കരണം നൽകുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ‘കിഡ് ഗ്ലൗ’ (KID GLOVE) പദ്ധതിക്ക് തൃശൂർ റൂറൽ ജില്ലയിൽ തുടക്കമായി. നന്തിക്കര ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ നടന്ന ചടങ്ങിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികൾ എപ്പോഴും ജാഗ്രത പാലിക്കണമെന്നും ഡിജിറ്റൽ അറിവുകൾ ക്രിയാത്മകമായ കാര്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും ജില്ലാ പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സൈബർ ഇടങ്ങളിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് കുട്ടികൾക്കാണെന്നും അജ്ഞത മൂലം പലരും കെണികളിൽ അകപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളിലെ കൗതുകം ചൂഷണം ചെയ്യുന്ന സൈബർ ക്രിമിനലുകളെ തിരിച്ചറിയാനും സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
നന്തിക്കര ജി.വി.എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ അഡീഷണൽ എസ്.പി. സിനോജ് ടി.എസ് സ്വാഗതം ആശംസിച്ചു. സ്കൂൾ എച്ച്.എം. ബിജി കെ.ജെ അധ്യക്ഷത വഹിച്ചു. തൃശൂർ റൂറൽ അഡീഷണൽ നോഡൽ ഓഫീസർ ബിജു ഒ.എച്ച്, മലയാള മനോരമ സർക്കുലേഷൻ ഡെപ്യൂട്ടി മാനേജർ മസൂദ് റഷീദ്, സർക്കുലേഷൻ ഇൻസ്പെക്ടർ രതീഷ് വരവൂർ, അലിബി മാനേജർ ജിതിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. തൃശ്ശൂർ റൂറൽ സൈബർ സെല്ലിലെ സി.പി.ഒ പ്രജിത്ത്.കെ.വി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് എടുത്തു. എസ്.പി.സി കേഡറ്റുകൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


