
ശബരിമല: തീർത്ഥാടനത്തിനെത്തിയ തമിഴ്‌നാട് പോലീസ് എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്ന താൽക്കാലിക ജീവനക്കാരൻ പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരനായ മാവേലിക്കര കണ്ടിയൂർ സ്വദേശി ജിഷ്ണു സജികുമാറാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ചെന്നൈയിൽ നിന്നുള്ള എസ്ഐ വടിവേലിന്റെ എടിഎം കാർഡാണ് ഇയാൾ തട്ടിയെടുത്തത്.
അരവണ കൗണ്ടറിൽ നിന്ന് പ്രസാദം വാങ്ങിയ ശേഷം പണമടയ്ക്കാൻ എസ്ഐ തന്റെ കാർഡ് ജിഷ്ണുവിനെ ഏൽപ്പിച്ചിരുന്നു. ഈ സമയം കാർഡിന്റെ പിൻ നമ്പർ രഹസ്യമായി മനസ്സിലാക്കിയ ജിഷ്ണു, പണം സ്വൈപ്പ് ചെയ്ത ശേഷം എസ്ഐക്ക് മറ്റൊരു കാർഡ് മാറി നൽകുകയായിരുന്നു. കാർഡ് മാറിയത് ശ്രദ്ധിക്കാതെ എസ്ഐയും സംഘവും മടങ്ങി. പിന്നീട് സന്നിധാനത്തെ എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചപ്പോഴാണ് എസ്ഐയുടെ ഫോണിൽ സന്ദേശമെത്തിയത്. ഉടൻ തന്നെ അദ്ദേഹം ബാങ്കിനെ വിവരമറിയിക്കുകയും ദേവസ്വം വിജിലൻസിന് പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
The post ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്നു; ജീവനക്കാരൻ പിടിയിൽ appeared first on Express Kerala.



