പുല്ലൂറ്റ്: പുതിയ അറിവുകൾ നിർമിച്ച് സമൂഹത്തെ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വമാണ് കലാലയവിദ്യാർഥികളുടേതെന്ന് കുഫോസ് രജിസ്ട്രാർ പ്രൊഫ. ദിനേശ് കൈപ്പിള്ളി പറഞ്ഞു. വജ്രജൂബിലി ആഘോഷിക്കുന്ന കെ കെ ടി എം ഗവ. കോളജിലെ ബിരുദദാന സമ്മേളനവും മെരിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസിരിസ് കൺവൻഷൻ സെൻ്റിറിൽ നടന്ന പരിപാടിയിൽ അക്കാദമിക രംഗത്തും അക്കാദമികേതര രംഗത്തും മികവു തെളിയിച്ച വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. കോളജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ബിന്ദു ശർമ്മിള ടി. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി. സുശാന്ത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ജി. ഉഷാകുമാരി ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ലൗലി ജോർജ്, കോളജ് അലുമിനി അസോസിയേഷൻ സെക്രട്ടറി ഒ. വി. റോയ്, കോളേജ് യൂണിയൻ ചെയർമാൻ സ്നേഹിത് പി. പി., പി ടി എ വൈസ് പ്രസിഡണ്ട് സജു ശ്രീകുമാർ പി ടി എ എക്സിക്യൂട്ടീവ് കമ്മറ്റി മെംബർ ഡോ. ധന്യ പി. ഡി. എന്നിവർ സംസാരിച്ചു.


