പാലത്തായി പീഡനക്കേസ്: പ്രതി കെ. പത്മരാജന് ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയിൽ. ജീവപര്യന്തം ശിക്ഷ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ
Current: മലയാളം

ന്യൂഡല്‍ഹി: പാലത്തായി പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. പ്രതി കെ. പത്മരാജന് ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയതിന് എതിരെയാണ് കേരളം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍. ഹൈക്കോടതി വിധിയില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടില്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
തലശേരി പോക്‌സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.
ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയായിരുന്നു ജാമ്യം. വിചാരണക്കോടതിയുടെ ശിക്ഷാവിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇരയായ കുട്ടിയുടെ മൊഴികളില്‍ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
600ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധയില്‍പ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയില്‍ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ പാലത്തായിയിലെ 10 വയസുകാരിയായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.




