മന്ത്രിമാരുടെ വിദേശസന്ദർശനത്തിനെതിരായ സിപിഎം പ്രതിഷേധം അസൂയ മൂലം: ഐ.ഒ.സി ബഹ്റൈൻ കേരളാ ഘടകം

Current: മലയാളം

മനാമ: കേരളത്തിലെ മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശസന്ദർശനത്തിനെതിരെ സിപിഎമ്മും മുന്നണിയും നടത്തുന്ന പ്രതിഷേധങ്ങൾ അവരുടെ നിരാശയിൽനിന്നും കടുത്ത അസൂയയിൽനിന്നും ഉയരുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്റൈൻ കേരള ഘടകം ആരോപിച്ചു.
പ്രവാസി മലയാളികളുടെ ക്ഷണം സ്വീകരിച്ചാണ് നിലവിലെ മന്ത്രിമാരും നേതാക്കളും ഗൾഫിലെത്തുന്നത്. കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗൾഫ് മലയാളികൾക്ക് ഐക്യവും ആശ്വാസവും പകരുന്ന ഓണാഘോഷവേളകളിൽ ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും പങ്കുചേരുന്നത് സ്വാഗതാർഹമാണ്. ഇത്തരം സന്ദർശനങ്ങളെ വിമർശിക്കുന്ന സിപിഎം, തങ്ങളുടെ ഭരണകാലത്ത് എന്തുകൊണ്ട് ഇത്തരം പ്രതിഷേധങ്ങൾ നടത്തിയില്ലെന്ന് വ്യക്തമാക്കണം.
എൽ.ഡി.എഫ് ഭരണത്തിന്റെ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങൾ പ്രവാസികൾക്ക് ഒരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ല. ഒരു വാഗ്ദാനം പോലും പാലിക്കപ്പെടാത്ത അന്നത്തെ സന്ദർശനങ്ങൾ ഏതുരീതിയിലുള്ള കച്ചവടമായിരുന്നുവെന്ന് അന്വേഷിക്കണം.
കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് വകുപ്പ് മന്ത്രിമാരും പാർട്ടി നേതാക്കളും നടത്തിയ സന്ദർശനങ്ങളിൽ വലിയ ദുരൂഹതയുണ്ട്. ഇതിനുപിന്നിലെ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള സർക്കാരിനോടും മുഖ്യമന്ത്രിയോടും ഐ.ഒ.സി വക്താക്കൾ ആവശ്യപ്പെട്ടു.




