“മോഡലിങ്ങിന് കുട്ടികൾ തടസ്സം”: പാലക്കാട് സഹോദരങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന മൊഴി | Kozhinjampara murder case

Current: മലയാളം

കൊഴിഞ്ഞാമ്പാറ (പാലക്കാട്): കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് (Kozhinjampara murder case). കുട്ടികളുടെ അമ്മ നിവേദ്യയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
കുട്ടികളുടെ മരണത്തിൽ തുടക്കം മുതൽ തന്നെ സംശയമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരിൽനിന്നും കുടുംബവുമായി അടുപ്പമുള്ളവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് നിവേദ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുട്ടികൾ തനിക്ക് സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമാണെന്ന് തോന്നിയതിനാലാണ് കൃത്യം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ നിവേദ്യ നൽകിയ മൊഴിയെന്നാണ് പൊലീസ് പറയുന്നത്. മോഡലിങ്ങിനും പഠനത്തിനുമായി പോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും കുട്ടികൾ അതിന് തടസ്സമായിരുന്നുവെന്നും നിവേദ്യ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ, കൊലപാതകത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.
കുട്ടികളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ചിലർ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നതായും കുട്ടികൾ തന്റേതല്ലെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നതായും നിവേദ്യ മൊഴി നൽകിയതായാണ് വിവരം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ, മൊഴിയിലെ ഈ ഭാഗങ്ങൾ പൊലീസ് പൂർണമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, കുട്ടികളുടെ പിതാവ് ജോൺകുമാറും കുടുംബാംഗങ്ങളും നിവേദ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. രണ്ട് കുട്ടികളും ഒരേസമയം വെള്ളത്തൊട്ടിയിൽ മുങ്ങിമരിക്കാൻ ആവശ്യമായ വെള്ളം ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ സംശയം. ഒരാൾ വെള്ളത്തിൽ വീണാൽ മറ്റേയാൾ വിവരം അറിയിക്കുമായിരുന്നുവെന്നും കുടുംബം പറയുന്നു.
നിവേദ്യയുടെ ഫോൺ ഉപയോഗവും സംശയത്തിന് ഇടയാക്കിയതായി ബന്ധുക്കൾ ആരോപിച്ചു. കുട്ടികളെ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നും ഏറെ സമയം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും ആരോടാണ് സംസാരിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും ജോൺകുമാർ പറഞ്ഞു.
കുട്ടികളുടെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജോൺകുമാർ തന്നെയാണ് പൊലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിൽ സംഭവം നടന്നത്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശികളായ ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്.
വിറകുവെട്ട് തൊഴിലാളിയായ ജോൺകുമാറും കുടുംബവും രണ്ട് മാസം മുമ്പാണ് കൂരാങ്കാട്ടിൽ താമസത്തിനെത്തിയത്. സംഭവദിവസം രാവിലെ ജോൺകുമാർ ജോലിക്കായി പുറത്തുപോയിരുന്നു. നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിന് മുന്നിൽ ചെറിയ ജോലികൾ ചെയ്യുന്നതിനിടെ ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേൾക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെന്നായിരുന്നു നിവേദ്യ ആദ്യം പൊലീസിനോട് പറഞ്ഞത്. സമീപത്തെ വീടുകളിലടക്കം തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ലെന്നും പിന്നീട് വീട്ടുമുറ്റത്തെ കുളിമുറിയിൽ പരിശോധിച്ചപ്പോഴാണ് ഇരുവരെയും വെള്ളത്തൊട്ടിയിൽ ചലനമറ്റ നിലയിൽ കണ്ടതെന്നുമായിരുന്നു മൊഴി.
നിവേദ്യയുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേനോൻപാറ ഗവ. യു.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായ ജെനിഫർ ജൂലിയറ്റ് സംഭവത്തിന് മുൻപുള്ള രണ്ട് ദിവസമായി സ്കൂളിൽ പോയിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് പിന്നിലെ സാഹചര്യങ്ങളും നിവേദ്യയുടെ മൊഴിയുടെ മറ്റ് വശങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.
Story Summary:
Police have classified the deaths of two siblings found in a water tank at their home in Kozhinjampara, Palakkad, as murder and alleged that their mother Nivedya confessed during questioning. Police are continuing to investigate the circumstances and the motive behind the deaths, while the children’s father and relatives have raised suspicions about the incident.




