
മാറനല്ലൂർ: വീട്ടുകാർ സ്കൂൾ വാർഷികാഘോഷത്തിന് പോയ സമയത്ത് മാറനല്ലൂരിൽ വൻ കവർച്ച. ഊരൂട്ടമ്പലം ഗോവിന്ദമംഗലം നന്ദാവനത്തിൽ പ്രതാപചന്ദ്രൻ നായരുടെ വീട്ടിൽ നിന്നാണ് 15 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷ്ടാവ് കവർന്നത്. എന്നാൽ, മോഷണം നടത്തിയ 25 പവനിൽ 10 പവൻ അടുക്കളയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മക്കളുടെ സ്കൂളിലെ വാർഷികാഘോഷത്തിനായി പ്രതാപചന്ദ്രൻ നായരും കുടുംബവും വീട് പൂട്ടി പോയതായിരുന്നു. രാത്രി ഒൻപത് മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
Also Read: ത്രിപുരയിൽ സാമുദായിക സംഘർഷം; വീടുകൾക്കും കടകൾക്കും തീവച്ചു
അലമാരയിൽ രണ്ട് ഭാഗങ്ങളിലായാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. തുണിയിൽ കെട്ടിവെച്ചിരുന്ന 10 പവന്റെ ആഭരണങ്ങളും 15 പവന്റെ മറ്റു സ്വർണ്ണവും മോഷ്ടാവ് കൈക്കലാക്കിയിരുന്നു. എന്നാൽ പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടയിൽ തുണിയിൽ കെട്ടിയ 10 പവൻ അടുക്കളയിലെ സ്ലാബിന് സമീപം വെച്ച നിലയിൽ പിന്നീട് കണ്ടെത്തി. പരിഭ്രാന്തിക്കിടയിൽ മോഷ്ടാവ് ഇത് അവിടെ മറന്നുവെച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
The post മാറനല്ലൂരിൽ മോഷണം; 15 പവൻ കവർന്നു, 10 പവൻ അടുക്കളയിൽ ഉപേക്ഷിച്ചു appeared first on Express Kerala.



