
ഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ യുവതിയെ ഡൽഹിയിൽ നടുറോഡിൽ വെടിവെച്ചു കൊന്നു. ഷാലിമാർബാഗ് റെസിഡന്റ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റായ രചന യാദവ് (44) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 10.59 ഓടെയായിരുന്നു സംഭവം. അയൽവീട്ടിൽ നിന്ന് മടങ്ങി വരികയായിരുന്ന രചനയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. സ്പോർട്സ് ബൈക്കിലെത്തിയ സംഘം രചനയെ തടഞ്ഞുനിർത്തി പേര് ചോദിച്ചുറപ്പുവരുത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു.
2023-ൽ രചനയുടെ ഭർത്താവ് വിജേന്ദ്ര യാദവ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യ സാക്ഷിയായിരുന്നു രചന യാദവ്. വിജേന്ദ്ര യാദവിനെ കൊന്ന കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കെ രചന മൊഴി നൽകുന്നത് തടയാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം. വിജേന്ദ്ര യാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയാണ് രചനയെ കൊലപ്പെടുത്തിയതിന് പിന്നിലെന്നുമാണ് പോലീസ് കരുതുന്നത്. ഭാരത് യാദവ് എന്നയാളടക്കം ആറുപേരായിരുന്നു കൊലക്കേസിലെ പ്രതികൾ. വിജേന്ദ്ര യാദവിനെ കൊന്ന കേസിലെ മറ്റ് പ്രതികൾ ജയിലിലാണെങ്കിലും മുഖ്യപ്രതിയായ ഭാരത് യാദവ് ഇപ്പോഴും ഒളിവിലാണ്. ഇയാളാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
The post ഭർത്താവിന്റെ കൊലപാതകത്തിലെ പ്രധാന സാക്ഷി; ഭാര്യയെ ഡൽഹിയിൽ വെടിവെച്ചു കൊന്നു appeared first on Express Kerala.



