ഡൽഹിയിലെ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നു; അഞ്ച് പേർ കുടുങ്ങിയതായി സംശയം | Seemapuri Delhi building collapse
ഡൽഹി: വടക്കുകിഴക്കൻ ദില്ലിയിലെ സീമാപുരിയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് നിരവധി പേർ കുടുങ്ങിയതായി സംശയം. എട്ട് പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അഞ്ച് പേരെ കാണാനില്ലെന്ന് പ്രദേശവാസികളും ബന്ധുക്കളും പറഞ്ഞു. (Seemapuri Delhi building collapse)
ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് കെട്ടിടം തകർന്നതായി ദില്ലി ഫയർ സർവീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. കെട്ടിടത്തിന്റെ മുൻഭാഗമാണ് പ്രധാനമായും തകർന്നത്. സംഭവസ്ഥലത്തെത്തിയ നാട്ടുകാർ അവശിഷ്ടങ്ങൾക്കിടയിൽ കൈകൊണ്ട് കല്ലുകളും കോൺക്രീറ്റ് കഷണങ്ങളും നീക്കി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ചിലർ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായും പ്രദേശവാസികൾ പറഞ്ഞു. ഒരു കുട്ടി ഉൾപ്പെടെ ചിലർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് നാട്ടുകാരുടെ സംശയം.
സംഭവത്തെ തുടർന്ന് സീമാപുരി ഗോൾചക്കർ, ഡിഎൽഎഫ് ഭോപുറ, സമീപ റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗതം ബാധിച്ചു. രക്ഷാപ്രവർത്തന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും സുഗമമായി കടന്നുപോകാൻ പ്രദേശത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് ദില്ലി ട്രാഫിക് പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ റോഡിൽ നിർത്തുകയോ കൂട്ടംകൂടുകയോ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു. ദില്ലി-എൻസിആറിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിന് പിന്നാലെയാണ് കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടായതെന്ന് പ്രദേശവാസികൾ അവകാശപ്പെട്ടു. എന്നാൽ കെട്ടിടം തകർന്നതിന്റെ യഥാർഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
ഒരു മാസം മുമ്പ് സത്യ നികേതനിൽ ഉണ്ടായ ഹോസ്റ്റൽ ദുരന്തത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ദില്ലിയിൽ വീണ്ടും കെട്ടിട തകർച്ചയുണ്ടായിരിക്കുന്നത്.
Summary: A four-storey building partially collapsed in Delhi’s Seemapuri area, with several people feared trapped in the debris. Eight people have been rescued so far, while locals and family members said around five people remain missing as search and rescue operations continue.




