Skip to content
November 19, 2026
⌕

വാഹനത്തിന്റെ നിറം മുതൽ എൻജിൻ വരെ; ഏഴ് മാറ്റങ്ങൾക്ക് നിബന്ധനകളോടെ സർക്കാർ അനുമതി | Kerala vehicle modification rules

October 7, 2026
Share this post to
Kerala vehicle modification rules

തിരുവനന്തപുരം: വാഹനങ്ങളുടെ നിറം, എൻജിൻ, ഷാസി എന്നിവയുൾപ്പെടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾക്ക് നിബന്ധനകളോടെ അനുമതി നൽകി സംസ്ഥാന സർക്കാർ. ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വാഹനത്തിൽ വരുത്തുന്ന എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർസി) രേഖപ്പെടുത്തിയുമാകണം (Kerala vehicle modification rules). നിറം മാറ്റുന്നതിന് രജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമോ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരമോ നിരോധിച്ചിട്ടുള്ള നിറങ്ങൾ വാഹനങ്ങളിൽ ഉപയോഗിക്കാനും പാടില്ല.

എൻജിൻ മാറ്റത്തിനും കർശന നിബന്ധനകളുണ്ട്. നിലവിലുള്ള എൻജിന്റെ അതേ മോഡൽ, കപ്പാസിറ്റി, പവർ തുടങ്ങിയ സവിശേഷതകളുള്ള എൻജിൻ മാത്രമേ മാറ്റിവയ്ക്കാനാകൂ. അതും അതേ നിർമാതാവിന്റേതായിരിക്കണം. മറ്റൊരു വാഹനത്തിൽ ഉപയോഗിച്ചിരുന്ന എൻജിൻ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല. മാറ്റം ആർസിയിൽ രേഖപ്പെടുത്തുകയും വേണം. ഷാസി ഫ്രെയിമിലും ബോഡി ഘടനയിലും മാറ്റം വരുത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമാണ്. ഇത്തരത്തിലുള്ള മാറ്റങ്ങളും ആർസിയിൽ രേഖപ്പെടുത്തണം. ഒരു വിഭാഗത്തിലുള്ള വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു വിഭാഗത്തിലുള്ള വാഹനത്തിനായി ഉപയോഗിക്കുന്ന രീതിയിലുള്ള മാറ്റം അനുവദിക്കില്ല. ഇന്ധനത്തിന്റെ തരം മാറ്റുന്നതിനും പ്രൊപ്പൽഷൻ സംവിധാനത്തിൽ പരിഷ്കാരം വരുത്തുന്നതിനും വാഹനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും നിബന്ധനകളോടെ അനുമതിയുണ്ട്. ഇതോടെ എൻജിൻ, ഷാസി, ബോഡി ഘടന, ഇന്ധന തരം, പ്രൊപ്പൽഷൻ സംവിധാനം, ഭിന്നശേഷി സൗഹൃദ മാറ്റങ്ങൾ, നിറം എന്നിവയാണ് ഉത്തരവിൽ ഉൾപ്പെടുത്തിയ പ്രധാന ഏഴ് മാറ്റങ്ങൾ.

1988ലെ മോട്ടോർ വാഹന നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചായിരിക്കണം മാറ്റങ്ങൾക്ക് അനുമതി നേടേണ്ടത്. ഇതുസംബന്ധിച്ച ഉത്തരവ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർക്കും റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും സബ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും ഗതാഗത കമ്മിഷണർ കൈമാറിയിട്ടുണ്ട്.

Summary: Kerala has allowed seven categories of vehicle modifications, including changes to colour, engine, chassis, body structure, fuel type and propulsion system, subject to government approval. All approved modifications must comply with motor vehicle rules and be recorded in the vehicle’s registration certificate.

Get more updates from Pudukad News on Google