ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു; കുട്ടി മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ സീമാപൂരിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് കുട്ടി മരിച്ചു. കുഞ്ഞിന്റെ തല വേർപെട്ട നിലയിലായിരുന്നുവെന്ന് ഡിസിപി രാജേന്ദ്ര പ്രസാദ് മീന അറിയിച്ചു. ഇതുവരെ എട്ട് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ്, ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപകടത്തെ തുടർന്ന് സീമാപൂരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.
അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കെട്ടിടത്തിനുള്ളിൽ എത്ര പേർ കുടുങ്ങിയിട്ടുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഡൽഹിയിൽ മറ്റൊരു കെട്ടിട ദുരന്തമുണ്ടായി ഒരു മാസം തികയുന്നതിനിടെയാണ് സീമാപൂരിയിലും അപകടം സംഭവിക്കുന്നത്. സെപ്റ്റംബർ ആറിന് സത്യ നികേതനിലെ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Story Summary:
A five-storey building collapsed in Delhi’s Seemapuri area, killing a child and trapping several people under the debris. Eight people have been rescued so far, while police and fire department teams continue the rescue operation.




