മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യയും വാട്ടര്‍ഫോര്‍ഡിലെ സ്ട്രാങ്കലി കാസില്‍ വാങ്ങിയത് 51.17 മില്യണ്‍ യൂറോയ്ക്ക്
ഡബ്ലിന്‍: മെറ്റാ ചീഫ് എക്‌സിക്യൂട്ടീവും സഹസ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും വാട്ടര്‍ഫോര്‍ഡിലെ നോക്കനോറിലെ സ്ട്രാങ്കലി കാസില്‍ വാങ്ങിയത് 5,11,71,155 മില്യണ്‍ യൂറോയ്ക്കാണെന്ന് റെസിഡന്‍ഷ്യല്‍ പ്രൈസ് പ്രോപ്പര്‍ട്ടി രജിസ്റ്ററിലെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.ഓഗസ്റ്റ് 17നാണ് ഇടപാട് നടന്നത്.
ഗോതിക് ശൈലിയിലുള്ള മാളികയ്ക്കും 178 ഹെക്ടര്‍ (440 ഏക്കര്‍) എസ്റ്റേറ്റിനുമുള്ളതാണ് ഈ തുക.മുമ്പ് കണക്കാക്കിയതിനേക്കാള്‍ 20 മില്യണ്‍ മുതല്‍ 30 മില്യണ്‍ യൂറോ കൂടുതലാണിത്.51.1 മില്യണ്‍ യൂറോ ഈ വര്‍ഷം ഇവിടെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിക്ക് നല്‍കിയ റെക്കോര്‍ഡ് വിലയാണ്.
മെറ്റയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി അയര്‍ലണ്ടില്‍ എത്തുമ്പോള്‍ സോഷ്യല്‍ മീഡിയ കമ്പനി ഉടമയും കുടുംബവും വാട്ടര്‍ഫോര്‍ഡിലെ കൊട്ടാരം ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
ആര്‍ക്കിടെക്റ്റുകളായ ജെയിംസും ജോര്‍ജ്ജ് റിച്ചാര്‍ഡ് പെയിനും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ് മുന്‍ കണ്‍സര്‍വേറ്റീവ് എംപിയായിരുന്ന ജോണ്‍ കെയ്‌ലിക്ക് വേണ്ടി 1830-ല്‍ നിര്‍മ്മിച്ച ഈ കാസില്‍.ലണ്ടന്‍ ആസ്ഥാനമായ സ്വകാര്യ നിക്ഷേപ സ്ഥാപനമായ ആര്‍ എ ബി ക്യാപിറ്റലിന്റെ സഹസ്ഥാപകനായ മൈക്കല്‍ അലന്‍ ബക്ക്‌ലിയുടെയും ഭാര്യ ജിയാന്‍കാര്‍ലയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ കൊട്ടാരം.
ദമ്പതികള്‍ 25 വര്‍ഷം മുമ്പാണ് സ്ട്രാങ്കലി കാസില്‍ സ്വന്തമാക്കിയത്. 16,000 ചതുരശ്ര അടിയുള്ള മൂന്ന് നിലകളുള്ള കൊട്ടാരം അവര്‍ വിപുലമായി പുനരുദ്ധരിച്ചു.
ചരിത്രമുറങ്ങുന്ന ഈ വീടിനെ പരിപാലിക്കുന്നതില്‍ മാര്‍ക്കും കുടുംബവും ആവേശഭരിതരാണെന്നും മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനമായ അയര്‍ലണ്ടില്‍ സമയം ചെലവഴിക്കാന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നതായും വക്താവ് അറിയിച്ചു.സക്കര്‍ബര്‍ഗിന്റെ വരവ് പ്രദേശത്തിന് കൂടുതല്‍ ആകര്‍ഷണം നല്‍കുമെന്ന് ലേബര്‍ കൗണ്‍സിലര്‍ ജോണ്‍ പ്രാറ്റ് വിലയിരുത്തുന്നു.
‘സക്കര്‍ബര്‍ഗിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മനോഹരമായ ഈ ഇടത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ആളുകള്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുണ്ട്’.
2004-ല്‍, അന്നത്തെ 19-കാരനായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, സഹപാഠികളുടെ ഫോട്ടോകളുമായി പേരുകള്‍ പൊരുത്തപ്പെടുത്തുന്നതിനാണ് ഫേസ്ബുക്ക് ആരംഭിച്ചത്.2012-ല്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റ് പബ്ലിക്കാക്കി.കമ്പനിയുടെ ഓഹരിയുടെ 13% 42-കാരനായ അദ്ദേഹത്തിന് സ്വന്തമാണ്.
2009-ലാണ് ഡബ്ലിനില്‍ ഫെയ്‌സ്ബുക്ക് അതിന്റെ അന്താരാഷ്ട്ര ആസ്ഥാനം തുറന്നത്. നിലവില്‍ മെറ്റയ്ക്ക് അയര്‍ലണ്ടില്‍ 1,500 ജോലിക്കാരുണ്ട്. വാട്ട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥതയിലുള്ള മെറ്റയുടെ വിപണി മൂലധനം 1.85 ട്രില്യണ്‍ ഡോളറാണ്.
വാട്ടര്‍ഫോര്‍ഡിലെ സ്ട്രാങ്കാലി കാസിലിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് ജി എ എ ക്ലബ്ബുകള്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യയും 1,50,000 യൂറോ സംഭാവന നല്‍കിയിരുന്നു.നോക്കനോറിലെ ഷാംറോക്ക് ,ടാല്ലോ,ലിസ്മോര്‍ എന്നീ മൂന്ന് ക്ലബ്ബുകള്‍ക്കും 50,000 യൂറോ വീതമാണ് ലഭിച്ചത്.




