Skip to content
November 20, 2026
⌕

ഐറിഷ് ടാക്‌സി, ഫുഡ് ഡെലിവറി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍, ഫ്രഞ്ച് ഇന്‍ഷുറന്‍സ് കമ്പനി വാകാം പ്രവര്‍ത്തനം നിര്‍ത്തി

October 10, 2026
Share this post to

ഡബ്ലിന്‍: ഫ്രഞ്ച് ഇന്‍ഷുറന്‍സ് കമ്പനി വാകാമിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതോടെ ഐറിഷ് ടാക്‌സി, ഫുഡ് ഡെലിവറി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലായി.

മൂലധന കരുതല്‍ ശേഖരത്തെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്നാണ് പാരീസ് ആസ്ഥാനമായ ഇന്‍ഷുറന്‍സ് കമ്പനിയായ വാകാമിനോട് പുതിയ ബിസിനസ്സ് ഏറ്റെടുക്കുന്നത് നിര്‍ത്താന്‍ ഫ്രഞ്ച് അധികൃതര്‍ ഉത്തരവിട്ടത്.

യു കെ ആസ്ഥാനമായ സീഗോ’ കമ്പനി കഴിഞ്ഞ വര്‍ഷം ഐറിഷ് വിപണിയില്‍ പുതിയ ബിസിനസ്സ് എടുക്കുന്നത് നിര്‍ത്തിയിരുന്നു. തുടര്‍ന്നാണ് റൈഡ്ഷുവര്‍ പദ്ധതിക്കായി ഇന്‍ഷുറന്‍സ് ദാതാവായി എന്‍ എഫ് പി അയര്‍ലന്‍ഡ് ‘വാകാമി’നെ തിരഞ്ഞെടുത്തത്.

ടാക്‌സി മേഖലയില്‍ ആക്‌സ , എഫ്ബിഡി , റെഡ്ക്ലിക്ക് തുടങ്ങി നിരവധി ഇന്‍ഷുറന്‍സ് ദാതാക്കള്‍ ലഭ്യമാണെങ്കിലും, ഫുഡ് ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക പ്രയാസകരമാണ്. ഈ വിടവാണ് വാകാം നികത്തിയിരുന്നത്. എന്നിരുന്നാലും ടാക്‌സി, ഫുഡ് ഡെലിവറി വിപണികളില്‍ വാകാമിന് എത്രത്തോളം വിഹിതമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.

യൂറോപ്പിലുടനീളമുള്ള വിവിധ വിതരണ പങ്കാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വാകാം ലഭ്യമാക്കുന്നുണ്ട്. 30-ലധികം വിപണികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം 834 മില്യണ്‍ യൂറോയുടെ മൊത്തം പ്രീമിയം നേടിയിരുന്നു.അയര്‍ലണ്ടിലെ പൊതു ഇന്‍ഷുറന്‍സ് വിപണിയിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന കാര്യത്തില്‍ കമ്പനി ഇടയ്ക്കിടെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

പങ്കാളികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി കമ്പനിയുടെ വെബ്സൈറ്റിലെ പ്രസ്താവനയില്‍ ചെയര്‍പേഴ്സണ്‍ കാതറിന്‍ ചാരിയര്‍ ലെഫ്‌ളൈവ് വ്യക്തമാക്കി.നിലവിലെ എല്ലാ കരാറുകളും തുടര്‍ന്നും കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വിഭവങ്ങളും ശക്തമായ പ്രവര്‍ത്തന മാതൃകയും വാകാമിനുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

കമ്പനിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന നടപടികള്‍ റെഗുലേറ്റര്‍ ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ കരാറുകള്‍ ഏറ്റെടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഫ്രഞ്ച് അധികൃതര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വാകാം കഴിഞ്ഞ ആഴ്ച വെബ്സൈറ്റ് അറിയിക്കുന്നു.

ഇതിനുള്ള മറുപടി തയ്യാറാക്കുകയാണെന്നും മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും വാകാം വ്യക്തമാക്കി.നിലവിലുള്ള കരാറുകളുടെ നടത്തിപ്പിനെ ഈ താല്‍ക്കാലിക വിലക്ക് ബാധിക്കില്ല. ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതും പോളിസി ഉടമകളോടും പങ്കാളികളോടുമുള്ള ബാധ്യതകള്‍ നിറവേറ്റുന്നതും തുടരുമെന്നും വാകാം അറിയിച്ചു.

എന്‍ എഫ് പിയുടെ വിശദീകരണം

അടുത്ത ആഴ്ചകളില്‍ പോളിസി പുതുക്കേണ്ട ഡ്രൈവര്‍മാര്‍ക്ക് ഇതുണ്ടാക്കുന്ന അനിശ്ചിതത്വം മനസ്സിലാക്കുന്നതായി എന്‍ എഫ് പി അയര്‍ലന്‍ഡിന്റെ വക്താവ് പറഞ്ഞു.

ഇന്‍ഷുറന്‍സ് ദാതാവായ വാകാമിന് മേലുള്ള നിയന്ത്രണ നടപടികള്‍ കാരണം പുതിയ പോളിസികളും പുതുക്കലുകളും തടസ്സപ്പെട്ട സാഹചര്യത്തില്‍ സാധാരണ സേവനം എപ്പോള്‍ പുനരാരംഭിക്കാനാകുമെന്ന കാര്യത്തില്‍ കമ്പനിയില്‍ നിന്ന് വ്യക്തത തേടുകയാണ്. ഉപഭോക്താക്കളെ വിവരങ്ങള്‍ യഥാസമയം അറിയിക്കും.

ഇതിനകം പുതുക്കാറായ പോളിസികള്‍ പുതുക്കാമെന്നും എന്നാല്‍ പുതിയ ക്വട്ടേഷനുകള്‍ നല്‍കാന്‍ കമ്പനിക്ക് കഴിയില്ലെന്നും എന്‍ എഫ് പിയുടെ വെബ്സൈറ്റ്പറയുന്നു,

Get more updates from Pudukad News on Google