വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് കൂടുതൽ കർശന നിയമവ്യവസ്ഥകൾ ഉൾപ്പെടുത്തിയ പുതിയ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കടുപ്പമേറിയ ശിക്ഷാനടപടികളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.(Kerala Assembly, Senior Citizens Protection Bill To Be Introduced)
മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വസതികളിൽ നിന്ന് നിർബന്ധപൂർവ്വം ഇറക്കിവിടുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 3 വർഷം വരെ തടവും പിഴയും ലഭിക്കും. ഭീഷണിപ്പെടുത്തിയോ വ്യാജരേഖകൾ നിർമ്മിച്ചോ വയോജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചാൽ കർശന ശിക്ഷ ലഭിക്കും. സ്വത്ത് കൈമാറ്റം ചെയ്ത ശേഷം പരിപാലനം നിഷേധിച്ചാൽ, ആ കൈമാറ്റം റദ്ദാക്കാൻ വയോജനങ്ങൾക്ക് പ്രത്യേക ട്രൈബ്യൂണലിനെ സമീപിക്കാം.
മാതാപിതാക്കൾക്ക് നൽകേണ്ട പ്രതിമാസ ചെലവ് തുക കൈമാറുന്നതിൽ വീഴ്ച വരുത്തുന്ന മക്കൾക്കോ നിയമപരമായ അവകാശികൾക്കോ എതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ കൈക്കൊള്ളും. പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും സബ് ഇൻസ്പെക്ടർ (SI) പദവിയിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേക നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തും. വയോജന സംരക്ഷണ ട്രൈബ്യൂണലുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയും കേസുകൾ രജിസ്റ്റർ ചെയ്ത് നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പ് കൽപ്പിക്കുകയും ചെയ്യും. മുതിർന്ന പൗരന്മാർക്ക് ഭയരഹിതമായി, അന്തസ്സോടെ ജീവിക്കാനുള്ള അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കുകയാണ് ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Story Summary
The Kerala government is introducing a new bill in the State Legislative Assembly to strengthen the protection and welfare of senior citizens. The bill proposes strict penalties, including up to three years of imprisonment and fines, for physical or mental abuse, abandonment, and property fraud against elderly individuals. It also mandates police nodal officers and speedy dispute resolutions to ensure dignity and safety for senior citizens.






