എച്ച്എല്എല്ലിന്റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല് പ്ലാറ്റ്ഫോമില്

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്എല് ലൈഫ്കെയര് ലിമിറ്റഡിന്റെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതല് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഡിജിറ്റല് പ്ലാറ്റ്ഫോമായ എച്ച്എല്എല് ഇ-സ്റ്റോര് പ്രവര്ത്തനമാരംഭിച്ചു.
പരമ്പരാഗത ബിസിനസ് രീതികളില് നിന്ന് ആധുനിക ഡിജിറ്റല് സംവിധാനത്തിലേക്കുള്ള എച്ച്എല്എല്ലിന്റെ മാറ്റത്തിലെ സുപ്രധാന ചുവടുവയ്പ്പാണിത്. ഉപഭോക്താക്കള്ക്കും പങ്കാളികള്ക്കും ആരോഗ്യ പരിപാലന സ്ഥാപനങ്ങള്ക്കും എച്ച്എല്എല്ലിന്റെ ഉത്പന്നങ്ങളും സേവനങ്ങളും എവിടെനിന്നും പ്രയോജനപ്പെടുത്താന് പുതിയ പ്ലാറ്റ്ഫോം സൗകര്യമൊരുക്കും.
www.hllestore.in എന്ന വെബ്സൈറ്റ് വഴി ഈ സേവനം ലഭ്യമാകും.
ഗര്ഭനിരോധന ഉത്പന്നങ്ങള്, ആശുപത്രികളിലേക്കുള്ള അവശ്യവസ്തുക്കള്, സ്ത്രീകളുടെ ആരോഗ്യ പരിചരണ ഉത്പന്നങ്ങള്, മറ്റ് അവശ്യവസ്തുക്കള്, വെല്നെസ് ഉത്പന്നങ്ങള് എന്നിവ മിതമായ നിരക്കില് ഇ-സ്റ്റോറില് ലഭ്യമാണ്. ഉപഭോക്താക്കള്ക്ക് ഇവ എവിടെനിന്നും ഏത് സമയത്തും വാങ്ങാനാകും.
കേവലം ഓണ്ലൈന് വിപണന പ്ലാറ്റ്ഫോം എന്നതിലുപരി ജനങ്ങളെയും ഉത്പന്നങ്ങളെയും പങ്കാളിത്ത അവസരങ്ങളെയും ഒരൊറ്റ സംവിധാനത്തില് ബന്ധിപ്പിക്കുന്ന വേദിയാണ് എച്ച്എല്എല് ഇ-സ്റ്റോര്. ഇതിലൂടെ ആരോഗ്യ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതല് എളുപ്പത്തിലും സൗകര്യപ്രദമായും ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് എച്ച്എല്എല് അധികൃതര് വ്യക്തമാക്കി.
ആരോഗ്യ-ക്ഷേമ മേഖലയില് സമഗ്രമായ സേവനങ്ങള് ഒരിടത്തുനിന്ന് ലഭ്യമാക്കുന്ന ഏകജാലക സംവിധാനമായാണ് എച്ച്എല്എല് ഇ-സ്റ്റോര് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്ക്കും ബിസിനസ് സ്ഥാപനങ്ങള്ക്കും എച്ച്എല്എല്ലിന്റെ ഉത്പന്നങ്ങളും സേവനങ്ങളും എളുപ്പത്തില് പ്രയോജനപ്പെടുത്താന് ഇതിലൂടെ സാധിക്കും.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എല്എല്, രാജ്യത്തെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുന്നതില് നിര്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര് പറഞ്ഞു.
ഇ-സ്റ്റോര് ആരംഭിച്ചതോടെ വിശ്വാസ്യതയാര്ജിച്ച സേവനപാരമ്പര്യം ഡിജിറ്റല് മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ്. എച്ച്എല്എല് ഉത്പന്നങ്ങള് വിശ്വസനീയമായ ഉറവിടത്തില് നിന്ന് നേരിട്ട് ഓണ്ലൈനായി വാങ്ങാനും ഉപഭോക്താക്കള്ക്ക് സാധിക്കും.
ഉപഭോക്താക്കള്ക്ക് നേരിട്ടുള്ള വില്പ്പന, ബിസിനസ് സ്ഥാപനങ്ങള് തമ്മിലുള്ള ഇടപാടുകള്, ആഗോള വിപണിയിലേക്കുള്ള പ്രവര്ത്തനങ്ങള് എന്നിവയ്ക്കും എച്ച്എല്എല് ഇ-സ്റ്റോര് സൗകര്യമൊരുക്കുന്നു. കമ്പനികള്ക്കും സ്ഥാപനങ്ങള്ക്കും എച്ച്എല്എല്ലുമായി ബിസിനസ് പങ്കാളികളായി സഹകരിക്കാം.
ചില്ലറ വില്പ്പനക്കാര്, വിതരണക്കാര്, ഡീലര്മാര്, ആരോഗ്യരംഗത്തെ സംരംഭകര് എന്നിവര്ക്ക് എച്ച്എല്എല്ലുമായി സഹകരിക്കാനും ഗുണമേന്മ യുള്ള ആരോഗ്യ ഉത്പന്നങ്ങളുടെ ലഭ്യത കൂടുതല് വിപുലമാക്കാനും അവസരമൊരുക്കുന്നു.
ആശുപത്രികള്, ആരോഗ്യ സേവനദാതാക്കള്, സര്ക്കാര് ഏജന്സികള്, കോര്പ്പറേറ്റ് സ്ഥാപനങ്ങള് എന്നിവയ്ക്കും ഇ-സ്റ്റോര് പ്രയോജനപ്പെടും. പരസ്പര സഹകരണം, ഉത്പന്ന സംഭരണം, ദീര്ഘകാല പങ്കാളിത്തം എന്നിവയ്ക്കുള്ള അവസരങ്ങള് ഒരുക്കുന്നതിലൂടെ രാജ്യത്തെ ആരോഗ്യസേവനങ്ങള് കൂടുതല് കാര്യക്ഷമമാക്കുന്നതിന് ഈ പ്ലാറ്റ്ഫോം സഹായിക്കും.
Get more updates from Pudukad News on Google






