മാസപ്പടിക്കേസിൽ അതിവേഗ നീക്കവുമായി ED: പിണറായി വിജയന് സമൻസ് അയച്ചു, അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം | CMRL Case

Current: മലയാളം

കൊച്ചി: കേരള രാഷ്ട്രീയത്തെ ഉലച്ച മാസപ്പടിക്കേസിൽ നടപടികൾ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ചു. അടുത്തയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.(CMRL Case ED Issues Summons To Pinarayi Vijayan Next Week Questioning)
ഈ മാസം 14-നാണ് സംഭവത്തിൽ ഇഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്തത്. അതേസമയം, മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഏജൻസികൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സുപ്രീം കോടതിയിൽ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീലിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയിൽ ഉന്നയിച്ചപ്പോഴാണ് ഈ പരാമർശമുണ്ടായത്. എന്നാൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി സിംഗൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണവിധേയരെ കേൾക്കാതെയുള്ള ഉത്തരവ് നിലനിൽക്കില്ലെന്നും, ഇഡിയുടെ പക്കൽ നിന്നുള്ള വിവരങ്ങൾ മാത്രം വെച്ച് കേസ് എടുക്കുന്നത് നിയമപരമല്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം.
മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയനെ ഏജൻസികൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സിദ്ധാർത്ഥ് ലൂത്ര ആവശ്യപ്പെട്ടു. എന്നാൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ജസ്റ്റിസ് ജോയ്മാല ബാഗ്ചി അഭിപ്രായപ്പെട്ടെങ്കിലും, അറസ്റ്റ് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അഭിഭാഷകൻ ആവർത്തിച്ചു. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരുപക്ഷേ അതിന് സാധിച്ചില്ലെങ്കിൽ, ദസറ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ആദ്യ ദിവസമായ ഈ മാസം 26-ന് കേസ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെയോടെ അറിയാനാകും.
Story Summary
In a swift development in the ‘Massapadi’ case, the Enforcement Directorate (ED) has issued a summons to opposition leader Pinarayi Vijayan, directing him to appear for questioning next week. The summons follows the official registration of an ECIR by the central agency on October 14.






