കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പ്രവർത്തികൾ അടുത്ത ആഴ്ച പുനരാരംഭിക്കുവാൻ ഉന്നതതലയോഗത്തിൽ തീരുമാനം.

ഇരിങ്ങാലക്കുട: കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പ്രവർത്തികൾ അടുത്താഴ്ച്ച പുനരാരംഭിക്കുവാൻ ഇത് സംബന്ധിച്ച് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനം. കുളത്തിനോട് ചേർന്ന് സ്മാരകം നിർമ്മിക്കുമെന്ന തരത്തിൽ ഉണ്ടായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പൊതുമരാമത്ത് നേരത്തെ തയ്യാറാക്കി അംഗീകാരം ലഭിച്ച പ്ലാനിൽ നിന്നും യാതൊരു വ്യത്യാസവും ഇല്ലാതെയാണ് പ്രവർത്തി പൂർത്തിയാക്കുകയെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അറിയിച്ചു. മാർച്ച് മാസത്തേടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. കുട്ടംകുളം നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്മാരക നിർമ്മാണം എന്ന ആശങ്ക ഉയർന്നിരുന്നുവെന്നും എന്നാൽ വസ്തുതകൾ വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നില്ലെന്നും നഗരസഭ ചെയർമാൻ എം പി ജാക്സൻ അറിയിച്ചു. എസ്റ്റിമേറ്റും പ്ലാനും അനുസരിച്ച് തന്നെയാണ് ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതെന്നും പണികൾ പൂർത്തീകരിക്കുവാൻ ആവശ്യപ്പെട്ട് കത്തുകൾ നൽകിയിരുന്നുവെന്നും മറ്റ് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിയും വ്യക്തമാക്കി. മഴയെ തുടർന്ന് കുളത്തിൽ വെള്ളം നിറഞ്ഞതാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായതെന്ന് പൊതുമരാമത്ത് പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയർ പി. എസ് സുജേഷ് പറഞ്ഞു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി പ്രീതി ,കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു






