അനൂപ് മേനോൻ ചിത്രം ‘ചിര’ത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

Current: മലയാളം

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും ജോഡിയാകുന്ന പുതിയ ചിത്രമായ ‘ചിര’ത്തിലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. എം. ജയചന്ദ്രൻ സംഗീതം പകർന്ന്, കെ. രാജഗോപാൽ വരികൾ എഴുതിയ ‘ആ മലയ്ക്കപ്പുറം..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാലും ഡോ. ബിനീതയും ചേർന്നാണ്.
സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമ്മിച്ച്, സിന്ധു പരടയിലും എൻ. സുധീറും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം ഒക്ടോബർ 9-നാണ് തിയേറ്ററുകളിലെത്തിയത്. ബാവുൾ സംഗീതവും ജീവിതരീതികളും തമ്മിലുള്ള ആത്മബന്ധം തേടി കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിലെത്തുന്ന സീത എന്ന മലയാളി പെൺകുട്ടിയുടെയും, അവളുടെ പ്രൊഫസറുടെ സുഹൃത്തും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ സാമിന്റെയും പ്രണയവും വിരഹവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബാവുൾ ജീവിതവും ഗോത്ര ജീവിതവും തമ്മിലുള്ള സമാനതകളും ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നുണ്ട്.
ചിത്രത്തിൽ ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് തുടങ്ങി പ്രമുഖ താരനിരയും അണിനിരന്നിരിക്കുന്നു.






