ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Current: മലയാളം

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച ഉത്തരേന്ത്യന്‍ വ്ലോഗഗറുടെ വിദ്വേഷ പ്രചാരണത്തില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
കേരളത്തെ ഭിന്നിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സംഘ്പരിവാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വ്ലോഗര്‍മാരെ നിയോഗിച്ചിരിക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. അമൃത് സിങ് എന്ന വ്ലോഗറുടെ വിദ്വേഷ വീഡിയോക്കെതിരെയാണ് വിമര്‍ശനം.
‘ഫോര്‍ട്ട് കൊച്ചിയും വര്‍ക്കലയും വ്യത്യസ്ത സംസ്കാരങ്ങള്‍ സംഗമിക്കുന്ന, ചരിത്രം ഇഴചേര്‍ന്നുകിടക്കുന്ന, വൈവിധ്യം തഴച്ചുവളരുന്ന ഇടങ്ങളാണ്. എന്നാല്‍, സ്വന്തം ലാഭത്തിനായി വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു വ്ലോഗര്‍ ഈ കേന്ദ്രങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്.
കേരളത്തെ ഭിന്നിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സംഘ്പരിവാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വ്ലോഗര്‍മാര്‍ക്ക് വിദ്വേഷ പ്രചാരണത്തിന്റെ ചുമതല കൈമാറിയിരിക്കുകയാണ്.
എന്നാല്‍, അവരുടെ വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ തകര്‍ക്കാനാവില്ല. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയമനടപടി സ്വീകരിക്കണം’ -എക്സ് പോസ്റ്റില്‍ പിണറായി ആവശ്യപ്പെട്ടു.
ഫോര്‍ട്ട് കൊച്ചി നിറയെ മുസ്ലിംകളാണെന്നും കേരളം അപകടത്തിലാണെന്നുമായിരുന്നു അമൃത് സിങ് എന്ന ഹിന്ദുത്വ വ്ലോഗറുടെ വിദ്വേഷ പ്രചരണം. ഫോര്‍ട്ട് കൊച്ചിയിലെ കാശി കഫേയില്‍ നിറയെ ബീഫ് വിഭവങ്ങളാണെന്നും കഫേയ്ക്കുള്ളില്‍ ഗാന്ധിക്കൊപ്പം ജിന്നയുടെ ചിത്രം ചുവരില്‍ തൂക്കിയിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.
കാശി ആര്‍ട്ട് കഫേയുടെ പേര് ‘കറാച്ചി ആര്‍ട്ട് കഫേ’ എന്നാക്കണം. കൊച്ചിയിലെ ജനസംഖ്യയും ചുറ്റുപാടുകളും കണ്ട് ഞാന്‍ ശരിക്കും അമ്പരന്നുപോയി. ഫോര്‍ട്ട് കൊച്ചിയില്‍ ഇപ്പോള്‍ പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷമാണ്.
95% ബിസിനസ് ഉടമകളും, ടാക്സി ഡ്രൈവര്‍മാരും, റിക്ഷാ ഡ്രൈവര്‍മാരും, ചെറിയ കച്ചവടങ്ങള്‍ ചെയ്യുന്നവരും, കമ്മലുകള്‍ വില്ക്കുന്നവരും, പങ്ചര്‍ ഒട്ടിക്കുന്നവരും, പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നവരുമെല്ലാം… എല്ലാവരും മുസ്ലിംകളാണ്, ഇവിടെ എല്ലാവരും മുസ്ലിംകളാണ്! ഇത് അവിശ്വസനീയമാണ്.
കേരളത്തില്‍ നടക്കുന്നത് അതീവ അപകടകരമായ കാര്യങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം പൂര്‍ണമായും നഷ്ടപ്പെടും.
കേരളം നമ്മുടെ കൈകളില്‍ നിന്ന് പോയിക്കഴിഞ്ഞു. ഇവിടുത്തെ വലതുപക്ഷ ചിന്താഗതിക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇവിടെ തുറന്നു സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല”- തുടങ്ങിയ കാര്യങ്ങളാണ് വ്ലോഗര്‍ വീഡിയോയില്‍ പറയുന്നത്.
അതേസമയം, വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അമൃത് സിങ്ങിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിന്‍ നല്കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുക, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.






