‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി

Current: മലയാളം

തിരുവനന്തപുരം: വിദ്വേഷ യൂട്യൂബര്‍ അമൃത് സിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. കേരളം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും ഇവിടെ വര്‍ഗീയതയ്ക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
അമൃത് സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കുറിച്ചു. ഫോര്‍ട്ട് കൊച്ചിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു വ്ലോഗര്‍ ഫോര്‍ട്ട് കൊച്ചിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും, നമ്മുടെ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാനും, സമൂഹങ്ങളെ ഭിന്നിപ്പിക്കാനും നടത്തിയ സമീപകാല ഇന്‍സ്റ്റാഗ്രാം വീഡിയോ അംഗീകരിക്കാനാവാത്തതാണ്.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും. ഭയമോ പക്ഷപാതമോ കൂടാതെ നടപടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. നമ്മുടെ സാമുദായിക സൗഹാര്‍ദ്ദത്തില്‍ തൊടാന്‍ ആരെയും നാം അനുവദിക്കില്ല.’






