ഇരിങ്ങാലക്കുട ടൗൺ ബാങ്കിൽ ഫോറൻസിക് ഓഡിറ്റ് : മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും മാനേജർമാരിൽ നിന്നും വിശദീകരണം തേടി

ഇരിങ്ങാലക്കുട : റിസർവ്വ് ബാങ്കിൻ്റെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന ഫോറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിൻ്റെ മുൻ ചെയർമാൻ, മുൻ ഭരണസമിതി അംഗങ്ങൾ, മുൻ ജനറൽ മാനേജർ, മാനേജർമാർ എന്നിവരിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിശദീകരണം തേടി.
ക്രമക്കേടുകൾ ഉള്ളതായി സംശയം തോന്നിയ ചില വായ്പാ ഫയലുകളാണ് ആർബിഐ നിയോഗിച്ച രണ്ടംഗസംഘ ഫോറൻസിക്
ഓഡിറ്റ് ടീം പരിശോധിക്കുന്നത്.
ഇതിൽ കുറച്ചു ഫയലുകളുടെ പരിശോധന പൂർത്തിയായി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും റിസർവ്വ് ബാങ്കിനും ഓഡിറ്റർമാർ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പകൾ അനുവദിച്ചതിൻ്റെയും കുടിശ്ശിക ഉള്ള ലോണുകൾ വീണ്ടും പുതുക്കി നൽകിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിരിക്കുന്നത് . 2014 മുതൽ അനുവദിച്ചിട്ടുള്ള ലോണുകളിലാണ് ഇപ്പോൾ ഓഡിറ്റിംഗ് നടക്കുന്നത്.
ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുന്ന ഫയലുകളുടെ ഫോറൻസിക് ഓഡിറ്റിംഗ് പൂർത്തിയായാൽ കൂടുതൽ ഫയലുകൾ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.
നിക്ഷേപകർ_തിങ്കളാഴ്ച്ച അഡ്മിനിസ്ട്രേറ്ററെ_കാണും
അതേസമയം ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ബാങ്ക് അഡ്മിനിസ്ട്രേറ്ററെ കാണും.
നിക്ഷേപത്തിൻ്റെ 20% ഇടക്കാല പേയ്മെൻ്റ് ആയി ഉടൻ അനുവദിക്കുക, ലഭ്യമായ ഫണ്ടിൽ നിന്ന് 106 കോടി രൂപ നിക്ഷേപകർക്ക് വിതരണം ചെയ്യുക, ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയ നഷ്ടത്തിന് ഉത്തരവാദികളായവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്.





