മറ്റത്തൂർ പഞ്ചായത്ത് കേരളോത്സവ സംഘാടക സമിതി രൂപീകരണത്തിൽ രാഷ്ട്രീയ വിവേചനം: എൽ.ഡി.എഫ്. സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു

മറ്റത്തൂർ: മറ്റത്തൂർ പഞ്ചായത്തുതല കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, യുവജനക്ഷേമ ബോർഡ് സെക്രട്ടറി എന്നിവർക്ക് എൽ.ഡി.എഫ്. പ്രതിനിധികൾ രേഖാമൂലം പരാതി നൽകി.
പഞ്ചായത്തുതല കേരളോത്സവ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികളായി ഉൾപ്പെടുത്തേണ്ട ജില്ലാ–ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കിയ ഭരണസമിതി, യു.ഡി.എഫ്. പ്രതിനിധിയായ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ എം. കുമാറിനെ മാത്രം പ്രത്യേകം ക്ഷണിക്കുകയാണുണ്ടായതെന്ന് അംഗങ്ങൾ ആരോപിച്ചു. രാഷ്ട്രീയ ചേരിതിരിവുണ്ടാക്കി കായിക–കലാമേളയായ കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പ് അവതാളത്തിലാക്കാനാണ് യു.ഡി.എഫ്. ഭരണപക്ഷം ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ഒഴിവാക്കപ്പെട്ട ജനപ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി അടിയന്തരമായി സംഘാടക സമിതി പുനഃസംഘടിപ്പിക്കണമെന്ന് എൽ.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.സി. ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ആർ. ഔസേഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ആർ. രെനി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.



