ഹൈദരാബാദിൽ മ്യാൻമാർ സ്വദേശിയായ 18-കാരിയെ ഭർത്താവ് വാടകവീട്ടിൽ പൂട്ടിയിട്ട് സുഹൃത്തുക്കൾക്ക് പീഡിപ്പിക്കാൻ വഴിയൊരുക്കി; വാടക കുടിശ്ശിക വാങ്ങാനെത്തിയ വീടുടമ പൂട്ടറുത്തതോടെ പുറത്തുവന്നത് മാസങ്ങൾ നീണ്ട പീഡനകഥ

Current: മലയാളം

ഹൈദരാബാദ്: മ്യാന്‍മാര്‍ സ്വദേശിയായ പതിനെട്ടുകാരിയായ ഭാര്യയെ വാടകവീട്ടില്‍ പൂട്ടിയിട്ട് മൂന്ന് സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവിനും സംഘത്തിനുമെതിരെ കേസ്.
ഹൈദരാബാദില്‍ നടന്ന ക്രൂരമായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫയാസ്, ഇയാളുടെ സുഹൃത്തുക്കളായ അഹമ്മദ് മുജീബ്, നൂര്‍ കമാല്‍, സിയാവുര്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാടക കുടിശ്ശിക വാങ്ങാനായി ഒക്ടോബര്‍ 23-ന് വീടുടമയെത്തി പൂട്ടിക്കിടന്ന വീട് തുറന്നപ്പോഴാണ് പീഡനവിവരം പുറംലോകമറിയുന്നത്.
ബംഗ്ലാദേശിലെ കോക്‌സസ് ബസാറില്‍ വെച്ചാണ് പെണ്‍കുട്ടി മുഹമ്മദ് ഫയാസിനെ പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നല്‍കി മേയ് മാസത്തില്‍ പെണ്‍കുട്ടിയെ കുടുംബത്തെ അറിയിക്കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഹൈദരാബാദില്‍ വെച്ച് വിവാഹം കഴിക്കുകയുമായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഇയാള്‍ മറ്റ് മൂന്ന് സുഹൃത്തുക്കളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് ഭര്‍ത്താവ് വീട് പുറത്തുനിന്ന് പൂട്ടി പുറത്തുപോവുകയും സുഹൃത്തുക്കള്‍ അകത്തുകയറി പെണ്‍കുട്ടിയെ നിരന്തരം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടുടമ വീട് തുറന്നതോടെ പുറത്തിറങ്ങിയ പെണ്‍കുട്ടി അപരിചിതന്റെ ഫോണ്‍ ഉപയോഗിച്ച് ബന്ധുക്കളെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പീഡനം, അനധികൃതമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നാലുപേര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.





