അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ അയൽവാസിയെ ആക്രിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ

ആളൂർ: സ്കൂട്ടറിൽ ഇരിക്കുകയായിരുന്നയാളെ ചവിട്ടിവീഴ്ത്തി കരിങ്കല്ല് കഷ്ണം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ആളൂർ സ്വദേശി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാസിം (26) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
2026 ഒക്ടോബർ 27-ന് വൈകീട്ട് മൂന്നുമണിയോടെ പ്രതിയുടെ അയൽവാസിയായ ആളൂർ കദളിച്ചിറ സ്വദേശി ഐവീട്ടിൽ വിനീത് (45) എന്നയാളുടെ ചേട്ടനെ പ്രതി അസഭ്യം പറഞ്ഞത് വിനീത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെത്തുടർന്ന് ആളൂർ കളച്ചിറ പാലത്തിന് സമീപംവെച്ച് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന വിനീതിനെ കാലുകൊണ്ട് ചവിട്ടിവീഴ്ത്തുകയും കരിങ്കല്ല് കഷ്ണം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
മുഹമ്മദ് ജാസിം ആളൂർ, കൊടകര പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കൊലപാതകക്കേസിലും, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലും, പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലും, രണ്ട് അടിപിടിക്കേസുകളിലും, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ എസ് എച്ച് ഒ ശ്രീലക്ഷ്മി എസ്, ജി എസ് ഐ മാരായ ജെയ്സൺ, പ്രസന്നകുമാർ, ഷിജോ, ജി എസ് സി പി ഒ ജിബിൻ, സി പി ഒ മാരായ കൃഷ്ണദാസ്, ഹരികൃഷ്ണൻ, അനൂപ്, അരുൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


