"> Skip to content
Sample Header Banner
October 31, 2026
⌕

പുതുക്കാട് മേൽപ്പാത: ടൗണിനെ മണ്ണിട്ട് മൂടാൻ നീക്കമെന്ന് ആക്ഷേപം; ദേശീയപാത അതോറിറ്റിയുടെ പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് ജനകീയ സമിതി

October 30, 2026
Share this post to
🌐 Select your Language: Current: മലയാളം
  • കിഴക്കൻ മേഖലയിൽ പ്രളയഭീതി ഉയർത്തും
  • 4000-ത്തോളം വ്യാപാരികളുടെ ജീവിതം വഴിമുട്ടും
  • ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ തള്ളിയതിൽ പ്രതിഷേധം

പുതുക്കാട്: ദേശീയപാത അതോറിറ്റി (NHAI) മുന്നോട്ടുവെച്ച നിലവിലെ മേൽപ്പാത രൂപരേഖ പുതുക്കാടിന്റെ തൊഴിലിനെയും വ്യാപാരത്തെയും ജനജീവിതത്തെയും പൂർണ്ണമായി തകർക്കുന്നതാണെന്ന് ജനകീയ സമിതി. രണ്ട് പുഴകൾക്കിടയിൽ വൻമതിലായി ഉയരുന്ന മൺതിട്ടയായി മേൽപ്പാത മാറിയാൽ കിഴക്കൻ മേഖലയാകെ രൂക്ഷമായ വെള്ളക്കെട്ടിലാകുമെന്നും, രണ്ട് കുന്നുകൾക്കിടയിൽ വികസിച്ചുവന്ന ടൗണിനെത്തന്നെ മണ്ണിട്ടു മൂടുന്ന സ്ഥിതിയുണ്ടാകുമെന്നും സമിതി ആരോപിച്ചു.

ഇത്തരമൊരു അശാസ്ത്രീയ നിർമ്മാണമാണ് സാമ്പത്തികമായും സാങ്കേതികമായും കൂടുതൽ പ്രായോഗികമെന്ന ദേശീയപാത അതോറിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് സമിതി കുറ്റപ്പെടുത്തി. ജനദ്രോഹപരമായ സമീപനം സ്വീകരിക്കുന്ന NHAI-യുടെ സാങ്കേതിക–സാമ്പത്തിക പ്രായോഗികതാ റിപ്പോർട്ട് ഉടൻ പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

2018-ലെ പ്രളയനിരപ്പും കിഴക്കൻ മേഖലയിലെ രണ്ട് വലിയ ഡാമുകളിൽ നിന്നുള്ള നീരൊഴുക്കും പരിഗണിക്കാതെയാണ് നിർമ്മാണം വിഭാവനം ചെയ്തിട്ടുള്ളത്. ടൗണിനെ മണ്ണിട്ടു മൂടുന്നതിലൂടെ നാലായിരത്തിലധികം വരുന്ന ചെറുകിട–വൻകിട വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലാകും. പൊതുസ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത വിധമാണ് പാതയുടെ ഡിസൈൻ. തിരക്കേറിയ പ്രധാന റോഡുകൾ പോലും തമ്മിൽ ബന്ധിപ്പിക്കുന്നില്ല.

റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, മിനി സിവിൽ സ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്ന ഭാഗത്ത് കേവലം 6.28 മീറ്റർ വീതിയുള്ള സർവീസ് റോഡിലൂടെ ഇരുവശത്തേക്കും (Two-way) ഗതാഗതം ഏർപ്പെടുത്തുന്നത് പ്രദേശം പൂർണ്ണമായി സ്തംഭിക്കാൻ ഇടയാക്കും. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മുന്നോട്ടുവെച്ച ബദൽ നിർദ്ദേശങ്ങൾ പൂർണ്ണമായി തള്ളിയ ദേശീയപാത അതോറിറ്റി, പാത മണ്ണിട്ടുയർത്താനുള്ള മണ്ണെവിടെയെന്ന് വ്യക്തമാക്കാതെ മണ്ണ് മാഫിയകൾക്ക് അഴിഞ്ഞാടാനുള്ള വഴിയൊരുക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പുതുക്കാട് മേൽപ്പാത ജനകീയ സമിതി വ്യക്തമാക്കി.

Get more updates from Pudukad News on Google