‘മിസൈൽ പോലെ വന്ന് പതിച്ചു’: ഫ്ലോറിഡയിൽ യാത്രാവിമാനം തകർന്ന് 9 മരണം | Florida plane crash

Current: മലയാളം

പാം ബീച്ച്: അമേരിക്കയിലെ ഫ്ലോറിഡയിൽ യാത്രാവിമാനം ജനവാസ മേഖലയിലേക്ക് കൂപ്പുകുത്തി വീണുണ്ടായ അതിശക്തമായ ദുരന്തത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് സർവീസ് നടത്തിയിരുന്ന ‘ലിയർജെറ്റ് 60’ എന്ന ബിസിനസ് ജെറ്റാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒൻപത് പേരും മരണപ്പെട്ടതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി സ്ഥിരീകരിച്ചു.(Florida plane crash, Nine Killed In Fiery Florida Business Jet Crash Near Palm Beach)
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടായ മാൾ-എ-ലാഗോയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയുള്ള ക്രെസ്റ്റ്ഹേവന് സമീപമാണ് അപകടമുണ്ടായത്. അമേരിക്കൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെയുള്ള വേഗതയിൽ താഴേക്ക് കുതിച്ചെത്തിയ വിമാനം ആറു വരിപ്പാതയായ മിലിട്ടറി ട്രെയിൽ റോഡിലേക്ക് അടിച്ചുകയറുകയായിരുന്നു.
ആഘാതത്തിൽ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയും വിമാനം പൊട്ടിത്തെറിച്ച് ആകാശത്തേക്ക് തീഗോളങ്ങൾ ഉയർന്നുവരുകയും ചെയ്തു.വിമാനം മിസൈൽ കണക്കെ വന്ന് പതിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലെ ഡാഷ്ക്യാമുകളിൽ പതിഞ്ഞിട്ടുണ്ട്. “മിസൈൽ വന്ന് പതിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. വലിയ സ്ഫോടനവും തുടന്ന് അവശിഷ്ടങ്ങൾ നാനാഭാഗത്തേക്കും തെറിച്ചു വീഴുകയുമുണ്ടായി,” സംഭവസ്ഥലം സന്ദർശിച്ച ശേഷം ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അപകടത്തെ തുടർന്ന് പ്രദേശം മുഴുവൻ കറുത്ത പുക ഉയരുകയും ജലവിതരണ പൈപ്പുകൾ തകരുകയും ചെയ്തു. റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് 30 ദിവസമെങ്കിലും എടുക്കുമെന്ന് അധികൃതർ അറിയിച്ചു. അപകട സമയത്ത് പ്രദേശത്ത് കനത്ത കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു.വിമാനത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സമീപത്തുള്ള ട്രെയിലർ പാർക്ക് കമ്മ്യൂണിറ്റിയിലെ 600-ഓളം താമസക്കാരെ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ പാം ബീച്ച് കൗണ്ടി ഫയർ റെസ്ക്യൂ ടീം അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെയും (NTSB) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെയും (FAA) സംയുക്ത സംഘത്തെ അയച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
Story Summary
A Learjet 60 business jet traveling from Austin, Texas, to the Bahamas crashed in a residential area near West Palm Beach, Florida, killing all nine people on board. The vertical impact left a massive crater on the road and caused a fierce explosion, prompting local authorities to evacuate around 600 nearby residents.





