ഗുരുഗ്രാമിൽ കനത്ത മൂടൽമഞ്ഞ്; വായുഗുണനിലവാര സൂചിക 321, ഗ്വാൽ പഹാരിയിൽ 375 | Gurugram air pollution

Current: മലയാളം

ഹരിയാനയിലെ ഗുരുഗ്രാമിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ബുധനാഴ്ച രാവിലെ നഗരത്തെ കനത്ത പുകമഞ്ഞ് മൂടിയതോടെ വായുഗുണനിലവാര സൂചിക (AQI) 321 ആയി ഉയർന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമീർ ആപ്പിലെ രാവിലെ എട്ടുമണിയോടെയുള്ള കണക്കുപ്രകാരമാണിത്. വായുഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ്. (Gurugram air pollution)
നഗരത്തിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളും പ്രവർത്തനക്ഷമമായിരുന്നു. ഗ്വാൽ പഹാരിയിലാണ് ഏറ്റവും ഉയർന്ന മലിനീകരണനില രേഖപ്പെടുത്തിയത്; ഇവിടെ AQI 375 ആയി. ടെറി ഗ്രാമിൽ 339ഉം വികാസ് സദനിൽ 264ഉം രേഖപ്പെടുത്തി. സെക്ടർ 51ലാണ് താരതമ്യേന കുറഞ്ഞ മലിനീകരണം; ഇവിടെ സൂചിക 207 ആയിരുന്നു. പുകമഞ്ഞ് താമസമേഖലകളിലും പ്രധാന റോഡുകളിലും ദൃശ്യമായിരുന്നെങ്കിലും നിരവധി പേർ രാവിലെ നടത്തത്തിനായി പുറത്തിറങ്ങി. ചിലർ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങിയത്. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നവംബർ 5 മുതൽ 20 വരെ പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കുന്ന നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾ നിരോധിച്ച് ഡെപ്യൂട്ടി കമ്മിഷണർ ഉത്തം സിങ് ഉത്തരവിറക്കി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ പരമാവധി 50 ശതമാനം പേർക്ക് മാത്രമേ ഈ കാലയളവിൽ ഓഫീസിലെത്തി ജോലി ചെയ്യാൻ അനുവാദമുള്ളൂ. ശേഷിക്കുന്നവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം.
അതേസമയം, പൊടിപടല നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത നിർമാണസ്ഥലങ്ങൾക്കെതിരെ ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടപടി ശക്തമാക്കി. ഗുരുഗ്രാം നോർത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച പത്ത് നിർമാണസ്ഥലങ്ങൾ തിങ്കളാഴ്ച അടച്ചുപൂട്ടിയതായും റിപ്പോർട്ടുണ്ട്.
Summary: Gurugram recorded an AQI of 321 on November 4, placing the city in the very poor category, with Gwal Pahari reporting the highest reading at 375. The district administration has banned dust-generating construction and demolition activities from November 5 to 20 and directed offices to limit physical attendance to 50%.




