Skip to content
November 11, 2026
⌕

രാജ്യത്ത് അരി ഉൽപാദനം കുറയുന്നു; പെട്രോളിൽ കലർത്താൻ കൂടുതൽ അരി എഥനോൾ നിർമാണത്തിന് നൽകാൻ കേന്ദ്ര നീക്കം. ഉൽപാദനം ഇത്തവണ 14.7 കോടി ടണ്ണായി കുറയുമെന്നാണ് നിഗമനം. മഴക്കുറവാണ് ഉൽപാദനത്തെ സാരമായി ബാധിച്ചത്. ഇതിനിടെയായ് കേന്ദ്രത്തിൻ്റെ വിചിത്ര നീക്കം

November 11, 2026
Share this post to

കോട്ടയം: നടപ്പു സാമ്പത്തിക വർഷത്തിൽ (2026–27) രാജ്യത്ത് അരി ഉൽപാദനം ഗണ്യമായി കുറഞ്ഞേക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) 15.4 കോടി ടണ്ണായിരുന്ന ഉൽപാദനം ഇത്തവണ 14.7 കോടി ടണ്ണായി കുറയുമെന്നാണ് നിഗമനം.

മഴക്കുറവാണ് ഉൽപാദനത്തെ സാരമായി ബാധിച്ചത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് അരി ഉൽപാദനത്തിൽ ഇത്രയും വലിയ ഇടിവുണ്ടാകുന്നത്. 1950 മുതലുള്ള 76 വർഷത്തിനിടെ ഇതിനുമുമ്പ് 19 തവണ മാത്രമാണ് അരി ഉൽപാദനം കുറഞ്ഞിട്ടുള്ളത്. 2015–16 ലാണ് ഇതിനുമുമ്പ് രാജ്യത്ത് ഉൽപാദനക്കുറവ് രേഖപ്പെടുത്തിയത്.

ഉൽപാദനക്കുറവിനൊപ്പം ഇ20 പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ നിർമാണത്തിനായി അരി വൻതോതിൽ ഉപയോഗിക്കുന്നതും വിപണിയിൽ അരി ലഭ്യതയെ ബാധിച്ചിട്ടുണ്ട്.


കരിമ്പിനും ചോളത്തിനും പുറമെ ഫുഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും എഥനോൾ നിർമാണത്തിന് വിനിയോഗിക്കുന്നുണ്ട്. ഇത് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ കാരണമായി.


ഓൺലൈൻ മാർക്കറ്റിൽ ബ്രാൻഡഡ് മട്ട വടി അരിയുടെ വില കിലോയ്ക്ക് 56 രൂപ മുതൽ 85 രൂപ വരെയും, പൊന്നി അരിയുടെ വില 65 രൂപ മുതൽ 101 രൂപ വരെയുമാണ് ഉയർന്നിരിക്കുന്നത്. 10 വർഷം മുമ്പ് ശരാശരി 27 രൂപയായിരുന്ന അരിവില നിലവിൽ ഇരട്ടിയിലധികമായി ഉയർന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്.

അരിവില വർധിക്കുന്നത് തടയാനായി എഥനോൾ ഉൽപാദനത്തിനായുള്ള അരിക്ക് സർക്കാർ മുൻപ് പരിധി നിശ്ചയിച്ചിരുന്നു. എഫ്.സി.ഐയുടെ മിച്ച അരിയിൽ നിന്നുള്ള എഥനോൾ ഉൽപാദനം 324 കോടി ലിറ്ററായും കേടായ ധാന്യങ്ങളിൽ നിന്നുള്ളത് 1.6 കോടി ലിറ്ററായുമാണ് പരിമിതപ്പെടുത്തിയത്.


എന്നാൽ, അരിക്ഷാമവും വിലക്കയറ്റവും രൂക്ഷമായിരിക്കെ എഥനോൾ ഉൽപ്പാദനത്തിന് കരിമ്പ് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് കൂടുതൽ അരി എഥനോൾ നിർമാണത്തിലേക്ക് മാറ്റാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇത് വിപണിയിൽ അരിക്ഷാമം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.


റേഷൻ വഴി വിതരണം ചെയ്യുന്ന അരിയിൽ നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വിപണിയിലെ കൃത്രിമക്ഷാമവും പൂഴ്ത്തിവെപ്പും തടയുന്നതിനായി അരി, നെല്ല് വ്യാപാരികൾ അവരുടെ കൈവശമുള്ള സ്റ്റോക്ക് വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. മൊത്ത-ചില്ലറ വ്യാപാരികൾ, വൻകിട റീട്ടെയിൽ ശൃംഖലകൾ, മില്ലുടമകൾ, സംസ്കരണശാലകൾ എന്നിവർക്കാണ് നിർദേശം.

വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ബസ്മതി, പ്രീമിയം നോൺ ബസ്മതി, സാധാരണ നോൺ ബസ്മതി, പുഴുക്കലരി, നുറുക്കരി, നെല്ല് എന്നിങ്ങനെ ആറു വിഭാഗങ്ങളിലെ സ്റ്റോക്ക് വിവരങ്ങൾ എല്ലാ വെള്ളിയാഴ്ചയും കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ ഫുഡ് സ്റ്റോക്ക് പോർട്ടലിൽ (foodstock.dfpd.gov.in) പുതുക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google