രാജ്യത്തിന്റെ വിജയകഥകൾ ജനങ്ങളിലെത്തിക്കണം; മാധ്യമങ്ങളോട് പ്രധാനമന്ത്രി മോദി | PM Modi Diwali Milan

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ദീപാവലി മിലൻ പരിപാടിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യത് പ്രധാനമന്ത്രി. രാജ്യത്തിന്റെ നേട്ടങ്ങളും വിജയകഥകളും ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്ന ആത്മവിശ്വാസവും മോദി പങ്കുവെച്ചു. (PM Modi Diwali Milan)
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് ദാരിദ്ര്യം ഗണ്യമായി കുറയ്ക്കാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം 50 കോടി ആളുകളെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അവസ്ഥയിൽനിന്ന് ഉയർത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളും പ്രസംഗത്തിൽ പരാമർശിച്ചു.
മാധ്യമങ്ങളുമായുള്ള തന്റെ ബന്ധം ദീർഘകാലത്തേതാണെന്നും ഇത്തരം പരിപാടികളിൽ കസേരകൾ ക്രമീകരിക്കുന്ന കാലം മുതൽ മാധ്യമപ്രവർത്തകരുമായി ഇടപഴകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. വാർത്താക്കുറിപ്പുകളുടെ കാലത്തു നിന്ന് ഇൻസ്റ്റഗ്രാം റീലുകളിലേക്കുള്ള മാധ്യമരംഗത്തിന്റെ വളർച്ച താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധികളുടെയും ദുരന്തങ്ങളുടെയും സമയത്തുപോലും മാധ്യമപ്രവർത്തകർ വിവിധ ഇടങ്ങളിൽ എത്തി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ലഹരിവിരുദ്ധ പോരാട്ടത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും മാധ്യമങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Summary: Prime Minister Narendra Modi urged Indian media to highlight the country’s success stories during a Diwali Milan event at the BJP headquarters in New Delhi. He also spoke about the government’s achievements in poverty reduction and called for greater awareness of drug abuse.




