Skip to content
November 16, 2026
⌕

മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ; ജൗൾജിബി മേളയിൽ സംഘർഷം | Uttarakhand Congress MLA

November 15, 2026
Share this post to
Uttarakhand Congress MLA

ഉത്തരാഖണ്ഡ്: മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പങ്കെടുത്ത പൊതുപരിപാടിയിൽ പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിനെച്ചൊല്ലി പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ (Uttarakhand Congress MLA). പിത്തോറഗഡ് ജില്ലയിലെ ജൗൾജിബി മേളയുടെ ഉദ്ഘാടന ചടങ്ങിനിടെ ധാർച്ചുല എംഎൽഎ ഹരീഷ് സിംഗ് ധാമിയാണ് വേദിയിലെ മൈക്ക് വലിച്ചെറിഞ്ഞത്. സംഭവത്തെത്തുടർന്ന് വേദിയിൽ സംഘർഷാവസ്ഥയുണ്ടായി.

മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചടങ്ങിൽ പങ്കെടുത്ത് പ്രസംഗം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. തുടർന്ന് സംസാരിക്കാൻ ശ്രമിച്ച ഹരീഷ് ധാമിയുടെ മൈക്ക് പ്രവർത്തനരഹിതമായതോടെയാണ് അദ്ദേഹം പ്രതിഷേധിച്ചത്. മേളയുടെ ചെയർപേഴ്സൺ കൂടിയായ തന്നെ മുഖ്യമന്ത്രി വേദിയിലുള്ളപ്പോൾ സംസാരിക്കാൻ അനുവദിച്ചില്ലെന്നും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചെന്നുമാണ് എംഎൽഎയുടെ ആരോപണം.

പ്രദേശത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും എട്ടുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു താൻ ആഗ്രഹിച്ചതെന്ന് ഹരീഷ് ധാമി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സംഘാടകർ മനഃപൂർവം തന്നെ അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രസംഗത്തിനിടെ മൈക്ക് ഓഫായതോടെ പ്രകോപിതനായ എംഎൽഎ മൈക്ക് ഓപ്പറേറ്റർക്ക് നേരെ അത് വലിച്ചെറിയുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ അനുയായികളും വേദിയിലേക്ക് ഇരച്ചുകയറി. ഇതിനിടെ കസേരകളും മൈക്ക് സ്റ്റാൻഡുകളും തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയുടെ മറ്റ് ഔദ്യോഗിക പരിപാടികൾക്കും സമയപരിമിതിക്കും അനുസരിച്ചാണ് ചടങ്ങിന്റെ സമയക്രമം ക്രമീകരിച്ചതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. മുഖ്യമന്ത്രിയെ വേദിയിൽവെച്ച് അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത എംഎൽഎയ്ക്കും അനുയായികൾക്കുമെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിയെന്ന നിലയിൽ അവരുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുക തന്റെ ഉത്തരവാദിത്തമാണെന്നാണ് ഹരീഷ് ധാമിയുടെ നിലപാട്. ഉദ്യോഗസ്ഥർ ബോധപൂർവം തനിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു.

Story Summary:
Congress MLA Harish Singh Dhami threw a microphone during the Jauljibi Fair inauguration in Uttarakhand after allegedly being denied an opportunity to address the gathering in the Chief Minister’s presence. The incident led to disruption on stage, while the BJP and the MLA offered differing explanations for the controversy.

Get more updates from Pudukad News on Google