ഹോർമുസിൽ സൂപ്പർ ടാങ്കറിന് മൈൻ ആക്രമണം; 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ കപ്പൽ മുങ്ങിയെന്ന് റിപ്പോർട്ട് | Strait of Hormuz

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ സൂപ്പർ ടാങ്കർ കടൽ മൈനിൽ തട്ടി തീപിടിച്ചതായും തുടർന്ന് മുങ്ങിയതായും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു (Strait of Hormuz). ഏകദേശം 20 ലക്ഷം ബാരൽ ഇന്ധനവുമായി സഞ്ചരിച്ച കപ്പലാണ് ആക്രമണത്തിനിരയായതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിനും തീപിടിത്തത്തിനും പിന്നാലെ കപ്പൽ മുങ്ങിയതായും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി പൊട്ടിത്തെറിച്ചെന്നും ഇതിലൊന്നാണ് മുങ്ങിയതെന്നുമാണ് റെവല്യൂഷണറി ഗാർഡിന്റെ വിശദീകരണം. എന്നാൽ കപ്പലുകളുടെ പേരോ പതാകയോ ഉടമസ്ഥതയോ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
മുങ്ങിയ ടാങ്കറിന്റെ അവശിഷ്ടങ്ങളിൽ ഇടിച്ച് മറ്റ് കപ്പലുകൾക്ക് അപകടമുണ്ടാകാതിരിക്കാൻ ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ഇറാൻ സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്.
നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ചതാണ് മൈൻ ആക്രമണത്തിന് കാരണമെന്നാണ് ഇറാൻ മാധ്യമങ്ങൾ റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. സൂപ്പർ ടാങ്കറിന് പുറമേ മറ്റൊരു കപ്പലും ആക്രമണത്തിനിരയായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഇറാനുമായുള്ള ധാരണകൾ ലംഘിച്ച് മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകൾക്കും സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഹോർമുസിൽ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ട വിവരം യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഷിപ്പിങ് അധികൃതരെ ഉദ്ധരിച്ചാണ് വിവരം പുറത്തുവിട്ടത്. ഇന്ധനച്ചോർച്ചയ്ക്കും മറ്റ് അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ഈ പാത ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വലിയ അളവിൽ ചരക്കുനീക്കം നടത്തുന്ന കപ്പലുകളാണ് സൂപ്പർ ടാങ്കറുകൾ. ഇത്തരമൊരു കപ്പൽ മുങ്ങുന്നത് സമുദ്ര ആവാസവ്യവസ്ഥയ്ക്കും മേഖലയിലെ കപ്പൽ ഗതാഗതത്തിനും വെല്ലുവിളിയാകാം. എന്നാൽ ടാങ്കറിൽനിന്ന് എത്രത്തോളം എണ്ണ കടലിൽ ചോർന്നിട്ടുണ്ടെന്നോ ചോർച്ച തടയാൻ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നോ വ്യക്തമല്ല.
Story Summary:
Iran’s Revolutionary Guard has reported that a supertanker carrying around two million barrels of fuel caught fire after hitting a sea mine in the Strait of Hormuz and reportedly sank. The incident has prompted warnings to vessels using the route amid concerns over navigation hazards and possible oil spills. The vessel’s identity and the extent of any fuel leakage remain unknown.



