രാജഗിരി കിഡ്സ്ഫെസ്റ്റിന് 30-ാം പതിപ്പ്; 496 കുരുന്നുകൾ ഒരുക്കിയ കൂറ്റൻ പസിലിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് | Rajagiri Kidsfest

കളമശ്ശേരി: രാജഗിരി സ്കൂൾ ക്യാമ്പസിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കിൻഡർഗാർട്ടൻ കുട്ടികളുടെ മഹോത്സവമായ രാജഗിരി കിഡ്സ്ഫെസ്റ്റിന്റെ 30-ാം പതിപ്പ് ശിശുദിനത്തിൽ അരങ്ങേറി. 60 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം കിൻഡർഗാർട്ടൻ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ സർഗവൈഭവം പ്രകടിപ്പിച്ചു.
സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ആൻഡ് മാനേജറായ ഫാ. പൗലോസ് കിടങ്ങൻ മേള ഉദ്ഘാടനം ചെയ്തു. കിൻഡർഗാർട്ടൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കുമായി ഒരുക്കിയ വിനോദമേളയായ ‘ഫൺടൈം’ ഇന്ത്യൻ ചലച്ചിത്രതാരം പ്രാചി തെഹ്ലാൻ ഉദ്ഘാടനം ചെയ്തു.
‘ആരവം’ എന്ന പ്രമേയത്തിൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കുമായി നൃത്തപരിപാടികൾ, വിവിധ മത്സരങ്ങൾ, വിനോദക്കളികൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. 74 സ്റ്റാളുകളും പ്രമേയാധിഷ്ഠിത ഘോഷയാത്രയും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.
മേളയിലെ പ്രധാന ആകർഷണമായിരുന്നു 496 കുരുന്നുകൾ ചേർന്ന് പൂർത്തിയാക്കിയ കൂറ്റൻ ജിഗ്സാ പസിൽ. 4.87 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പസിലിൽ 522 കഷണങ്ങളാണുണ്ടായിരുന്നത്. ഈ നേട്ടം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. കിഡ്സ്ഫെസ്റ്റിന്റെ സമാപനച്ചടങ്ങിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ സാം ജോർജ് റെക്കോർഡ് പ്രഖ്യാപനം നടത്തി.
മത്സരങ്ങളിൽ തേവര സേക്രഡ് ഹാർട്ട് സി.എം.ഐ കിൻഡർഗാർട്ടൻ ഓവറോൾ ട്രോഫി നേടി. കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി കിൻഡർഗാർട്ടനും അങ്കമാലി വിശ്വജ്യോതി കിൻഡർഗാർട്ടനും രണ്ടാം സ്ഥാനം പങ്കിട്ടു. ചലച്ചിത്രതാരം ഡോ. മുത്തുമണി സോമസുന്ദരൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
രാജഗിരി പബ്ലിക് സ്കൂൾ ആൻഡ് കിൻഡർഗാർട്ടൻ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ, ഹെഡ്മിസ്ട്രസ് സജനി സൂസൻ ഫിലിപ്പ്, പി.ടി.എ പ്രസിഡന്റ് ഡോ. സന്ദീപ് സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ഐഡ ടി. ജോണി, ട്രഷറർ ജേക്കബ് ജോസ് ചിറ്റിലപ്പിള്ളി, ചീഫ് കോർഡിനേറ്റർ നിതിൻ ആന്റണി ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Story Summary:
The 30th edition of Rajagiri Kidsfest was held at the Rajagiri School campus in Kalamassery on Children’s Day, with over 1,000 kindergarten students from 60 schools participating. A giant jigsaw puzzle completed by 496 children earned a place in the Asian Book of Records.



