ജുനൈദിന്റെ മരണം: പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് കെഎസ്ഇബി; ഉത്തരവാദികൾക്കെതിരെ കർശന നടപടിയെന്ന് ഉറപ്പ് | KSEB apology Junaid electrocution death

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ ജുനൈദ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് (KSEB apology Junaid electrocution death) കെഎസ്ഇബി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്നും അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
അപകടമുണ്ടാകാനിടയായ സാഹചര്യം തിരൂരങ്ങാടി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നിഷ്പക്ഷമായും വിശദമായും അന്വേഷിക്കും. അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
സംസ്ഥാനത്തെ വൈദ്യുതി ലൈനുകളിൽ പരിശോധനയും പട്രോളിങ്ങും ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകടസാധ്യതകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വൈദ്യുതി സംബന്ധമായ അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 9496010101 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ച് പൊതുജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വെന്നിയൂർ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ജുനൈദിന്റെ മരണത്തിൽ കെഎസ്ഇബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ കുട്ടിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും പൊതുജനങ്ങളോടും വീണ്ടും മാപ്പ് ചോദിക്കുന്നതായും അധികൃതർ അറിയിച്ചു. ജുനൈദിന് ആദരാഞ്ജലികളും അർപ്പിച്ചു.
Story Summary:
The KSEB has apologised to the public following the death of 14-year-old Junaid, who was electrocuted by a stay wire in Tirurangadi, Malappuram. The board has ordered an inquiry, promised strict action against those responsible and announced intensified inspections of electricity lines across Kerala.



