വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം; സ്പോട്ട് ബുക്കിങ് ഭക്തരെ നിലയ്ക്കലിൽ ഇറക്കണമെന്ന് കെഎസ്ആർടിസി | KSRTC Sabarimala services

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കുള്ള ബസ് സർവീസുകളിൽ പുതിയ നിർദേശങ്ങളുമായി കെഎസ്ആർടിസി (KSRTC Sabarimala services). വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ പമ്പയിലേക്ക് നേരിട്ട് യാത്രാനുമതി നൽകൂ. സ്പോട്ട് ബുക്കിങ്ങിനായി എത്തുന്നവരെ നിലയ്ക്കലിൽ ഇറക്കണമെന്നാണ് നിർദേശം. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ വെർച്വൽ ക്യൂ ബുക്കിങ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കെഎസ്ആർടിസി നിർദേശിച്ചു.
നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് പൂർത്തിയാക്കുന്ന ഭക്തർക്ക് പമ്പയിലേക്ക് പോകാൻ നിലയ്ക്കൽ–പമ്പ ചെയിൻ സർവീസിൽ ആവശ്യമായ യാത്രാസൗകര്യം ഉറപ്പാക്കണം. ഇതുസംബന്ധിച്ച അറിയിപ്പുകൾ ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും പ്രദർശിപ്പിക്കണം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ അറിയിപ്പുകൾ നൽകണമെന്നും ഉത്തരവിലുണ്ട്.
നിർദേശങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാനും ഇതിന്റെ പകർപ്പ് കെഎസ്ആർടിസി കാര്യാലയത്തിൽ ലഭ്യമാക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം നിലയ്ക്കലിൽ മാത്രമാണ് സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. അതിനാൽ ദീർഘദൂര സർവീസുകളിൽ നേരിട്ട് പമ്പയിലെത്തുന്ന വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്ത ഭക്തർക്ക് ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് സൗകര്യം ലഭിക്കില്ല. ഇത് പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വെല്ലുവിളിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയുടെ പുതിയ ഇടപെടൽ.
Story Summary:
KSRTC has issued new instructions for Sabarimala pilgrimage services, stating that only devotees with virtual queue bookings can travel directly to Pamba. Spot-booking pilgrims must get off at Nilakkal and use the Nilakkal–Pamba chain service after completing their booking.




