‘സീൻ’ വിജയത്തിൽ നസ്ലെന് സൂര്യയുടെ വിലയേറിയ സമ്മാനം; നൽകിയത് ഒൻപത് ലക്ഷം രൂപയുടെ കാർട്ടിയർ വാച്ച് | Suriya gifts Naslen Cartier watch

‘സീൻ’ സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവച്ച് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ നടൻ നസ്ലെന് വിലയേറിയ സമ്മാനം നൽകി തമിഴ് താരം സൂര്യ. ഏകദേശം ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന കാർട്ടിയർ വാച്ചാണ് സൂര്യ നസ്ലെന് സമ്മാനിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നസ്ലെൻ ഇക്കാര്യം വെളിപ്പെടുത്തിയത്. നസ്ലെന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ‘സീൻ’. ചിത്രത്തിലെ പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. സിനിമയുടെ വിജയത്തിന് പിന്നാലെ സൂര്യ നൽകിയ വാച്ച് അഭിമുഖത്തിനിടെ നസ്ലെൻ കാണിക്കുകയും ചെയ്തു. കാർട്ടിയറിന്റെ ക്ലാസിക് മോഡലാണ് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. (Suriya gifts Naslen Cartier watch)
വാർത്ത പുറത്തുവന്നതോടെ സൂര്യയുടെ സമ്മാനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായി. സൂര്യയുടെ ‘വിക്രം’ സിനിമയിലെ റോളക്സ് എന്ന കഥാപാത്രത്തെ പരാമർശിച്ചുള്ള രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ‘റോളക്സിന്റെ വക ഈശ്വരന് കാർട്ടിയർ വാച്ച്’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ശ്രദ്ധ നേടി.
സിനിമകളുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി അണിയറപ്രവർത്തകർക്ക് വിലയേറിയ സമ്മാനങ്ങൾ നൽകുന്നത് സൂര്യയുടെ പതിവാണ്. ‘കറുപ്പ്’ സിനിമയുടെ വിജയത്തിന് പിന്നാലെ സംവിധായകൻ ആർ.ജെ. ബാലാജി, സംഗീത സംവിധായകൻ സായ് അഭ്യങ്കർ, എഡിറ്റർ കലൈവാണൻ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു എന്നിവർക്ക് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ കാർ സമ്മാനിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
തമിഴ് സിനിമയിലെ അവസരങ്ങൾ നിരസിച്ചതിന്റെ പേരിൽ നേരത്തെ വിമർശനം നേരിട്ടിരുന്ന നസ്ലെന് ‘സീൻ’ മികച്ച ശ്രദ്ധ നേടിക്കൊടുത്തു. നിലവിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി ഡ്യൂ’വിന്റെ പ്രമോഷൻ തിരക്കിലാണ് താരം. മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും നസ്ലെൻ പൂർത്തിയാക്കിയിട്ടുണ്ട്.
Summary: Actor Suriya reportedly gifted Naslen a Cartier watch worth around Rs 9 lakh following the success of the Tamil film Scene. Naslen revealed the gift during a recent interview, sparking reactions and jokes on social media.




