കാറിനുള്ളിൽ ഉറങ്ങുകയായിരുന്ന 12കാരിയുമായി വാഹനം മോഷ്ടിച്ചു; 230 കിലോമീറ്റർ അകലെ പെൺകുട്ടിയെ രക്ഷപ്പെടുത്തി | Chennai car theft with child inside

ചെന്നൈയ്ക്ക് സമീപം കാറിനുള്ളിൽ ഉറങ്ങുകയായിരുന്ന 12 വയസുകാരിയുമായി വാഹനം മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാറിനൊപ്പം കാണാതായ പെൺകുട്ടിയെ ഏകദേശം 230 കിലോമീറ്റർ അകലെ സിർകാഴിയിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ പൊലീസ് കണ്ടെത്തിയത്. (Chennai car theft with child inside)
ഞായറാഴ്ച രാത്രി വല്ലഞ്ചേരിയിലെ ഒരു റസ്റ്ററന്റിന് സമീപം കാർ പാർക്ക് ചെയ്തശേഷം മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ അകത്തേക്ക് പോയതായിരുന്നു. ഈ സമയം മകൾ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയപ്പോഴാണ് കാറും കുട്ടിയെയും കാണാനില്ലെന്ന് മനസിലായത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ ഗുഡുവാഞ്ചേരി പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെ 4.30ഓടെ മയിലാടുതുറൈ ജില്ലയിലെ സിർകാഴി പുതിയ ബസ് സ്റ്റാൻഡിന് സമീപം പെൺകുട്ടി കാറിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അടുത്തെത്തി തട്ടിക്കൊണ്ടുപോയതാണെന്ന് അറിയിച്ച കുട്ടിയെ അവർ രക്ഷപ്പെടുത്തി വനിതാ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പൊലീസ് മാതാപിതാക്കളെ വിവരമറിയിച്ചതോടെ കുട്ടിയെ സുരക്ഷിതമായി കുടുംബത്തോടൊപ്പം ചേർത്തു.
പെൺകുട്ടി വാഹനത്തിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ പ്രതി കാറുമായി കടന്നുകളഞ്ഞെങ്കിലും പിന്നീട് പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. മോഷണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കാൻ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
കാർ മോഷ്ടിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ പെൺകുട്ടിയെയും കൂട്ടി ഇത്രയും ദൂരം യാത്ര ചെയ്തത് എന്തിനാണെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ഗുഡുവാഞ്ചേരി പൊലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
Summary: A 12-year-old girl sleeping inside a parked car near Chennai was taken along when the vehicle was stolen. She escaped in Sirkazhi, around 230 km away, and was rescued by auto-rickshaw drivers before being reunited with her parents. Police have arrested one accused and are investigating his motive.




