മോട്ടർ വാഹന വകുപ്പിന്റെ പേരിൽ ഇ-ചെല്ലാൻ തട്ടിപ്പിനു പിന്നാലെ പെൻഷൻ്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. പെൻഷൻ്റെ പേരിൽ വരുന്ന വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ എപികെ ഫയൽ തനിയെ ഡൗൺലോഡ് ആവും. പിന്നീട് നിമിഷ നേരം കൊണ്ട് അക്കൗണ്ടിലെ പണം നഷ്ടമാകും

കോട്ടയം: ജനങ്ങളെ കബളിപ്പിച്ച് സൈബർ തട്ടിപ്പുകാർ പുതിയ രീതികൾ പരീക്ഷിക്കുന്നു. മോട്ടർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ ഇ-ചെല്ലാൻ സന്ദേശങ്ങൾ അയച്ചുള്ള തട്ടിപ്പുകൾക്ക് പിന്നാലെ, ഇപ്പോൾ പെൻഷന്റെ പേരിൽ ഫേസ്ബുക്ക് വഴിയുള്ള സൈബർ തട്ടിപ്പുകളും വ്യാപകമാകുന്നു.
ഫേസ്ബുക്കിൽ പെൻഷനുമായി ബന്ധപ്പെട്ട ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കാണ് പണം നഷ്ടമാകുന്നത്.
നിരവധി കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഫേസ്ബുക്കിൽ പരസ്യങ്ങളായോ ലിങ്കുകളായോ എത്തുന്ന ഇത്തരം സന്ദേശങ്ങൾ സാധാരണക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കണ്ണൂരിൽ തട്ടിപ്പിനിരയായ 66 വയസ്സുകാരന്റെ അനുഭവം സൈബർ പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
ഫേസ്ബുക്കിൽ പരതുന്നതിനിടയിലാണ് പെൻഷൻ കാർഡുമായി ബന്ധപ്പെട്ട പരസ്യം ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.
പരസ്യത്തിനൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻതന്നെ ഒരു വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമെത്തി.
തുടർന്ന് വാട്സാപ്പ് വഴി വന്ന നിർദ്ദേശപ്രകാരം വയോധികൻ തന്റെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാർക്ക് കൈമാറുകയായിരുന്നു.
ഇതിനുപിന്നാലെ ഫോണിലേക്ക് ഒരു എപികെ ഫയൽ ഡൗൺലോഡ് ചെയ്യപ്പെട്ടു.
ഈ ഫയൽ ഓപ്പൺ ചെയ്തതോടെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാവുകയും, ബാങ്ക് അക്കൗണ്ടിൽ നിന്ന് പലതവണയായി പണം നഷ്ടപ്പെടുകയും ചെയ്തു.
പതിനായിരം രൂപ വീതം 10 തവണകളിലായി ആകെ ഒരു ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്.
സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വ്യാജ ലിങ്കുകളും ഓഫറുകളും തിരിച്ചറിയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയോ, APK ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുകയോ ചെയ്യുക.
ഇത്തരം തട്ടിപ്പുകൾക്കെതിരെ നിരന്തരം ബോധവൽക്കരണ്ണങ്ങൾ നൽകുന്നുണ്ടെങ്കിലും ആളുകൾ വീണ്ടും കബളിപ്പിക്കപ്പെടുന്ന സാഹചര്യമാണുള്ളത്




