Skip to content
November 19, 2026
⌕

നാലാമത് ഇന്ത്യ-ജപ്പാൻ 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കുന്നതിനും പ്രതിരോധ ഉപകരണ-സാങ്കേതിക സഹകരണവും സമുദ്രസുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾക്കുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജപ്പാനിലേക്ക്

November 18, 2026
Share this post to

ഡല്‍ഹി: നാലാമത് ഇന്ത്യ-ജപ്പാന്‍ വിദേശകാര്യ-പ്രതിരോധ മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനും ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നവംബര്‍ 18 മുതല്‍ 19 വരെ ജപ്പാന്‍ സന്ദര്‍ശിക്കും.


ടോക്കിയോയില്‍ നടക്കുന്ന 2+2 ചര്‍ച്ചയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, ജപ്പാന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി ഷിന്‍ജിറോ കൊയ്സുമിയും വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടെഗിയും സംയുക്തമായി അധ്യക്ഷത വഹിക്കും.


ഇന്ത്യ-ജപ്പാന്‍ തന്ത്രപ്രധാനവും പ്രതിരോധപരവുമായ സഹകരണത്തിന്റെ എല്ലാ മേഖലകളും യോഗം അവലോകനം ചെയ്യുകയും പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയും ചെയ്യും.

സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നിയമങ്ങളില്‍ അധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയോടുള്ള തങ്ങളുടെ പൊതുവായ പ്രതിബദ്ധത ഇരുപക്ഷവും ആവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സന്ദര്‍ശന വേളയില്‍ രാജ്നാഥ് സിംഗ് ജാപ്പനീസ് പ്രതിരോധ മന്ത്രി കൊയ്സുമിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഓഗസ്റ്റില്‍ ന്യൂഡല്‍ഹിയിലും 2026 ഒക്ടോബറില്‍ സെബുവില്‍ നടന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടയിലും നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഈ വര്‍ഷം ഇരുവരും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.


പ്രതിരോധ ഉപകരണങ്ങളിലും സാങ്കേതികവിദ്യയിലുമുള്ള സഹകരണം വിപുലീകരിക്കുക, സമുദ്രസുരക്ഷ ശക്തിപ്പെടുത്തുക, മൂന്ന് സേനാ വിഭാഗങ്ങളുടെയും സംയുക്ത സൈനികാഭ്യാസങ്ങളുടെ വ്യാപ്തിയും സങ്കീര്‍ണ്ണതയും വര്‍ധിപ്പിക്കുക എന്നിവയിലായിരിക്കും ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതിരോധ വ്യവസായ മേഖലയിലെ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള വഴികളും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്യും.


ജനാധിപത്യ മൂല്യങ്ങള്‍, പരസ്പര വിശ്വാസം, ഒത്തുപോകുന്ന തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സവിശേഷ തന്ത്രപ്രധാനവും ആഗോളവുമായ പങ്കാളിത്തമാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ളത്. 

ഉഭയകക്ഷി പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രവര്‍ത്തനപരമായ സഹകരണത്തിനും വ്യാവസായിക ഏകോപനത്തിനുമുള്ള രൂപരേഖ തയ്യാറാക്കുന്നതിനുമാണ് ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നത്.

 

Get more updates from Pudukad News on Google