വടകര എംഡിഎംഎ കേസ്; മുഖ്യസൂത്രധാരൻ ഹൈദരാബാദിൽ പിടിയിൽ

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച വടകര ലഹരിക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരൻ ഒടുവിൽ പിടിയിൽ.
വയനാട് സ്വദേശിയായ ഷിൻഡോ ശിബുവിനെയാണ് മറ്റൊരു കേസിൽ കണ്ണൂർ സിറ്റി പൊലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്.
അധ്യാപകരും ഡെലിവറി ഏജന്റുമാരും ഉൾപ്പെട്ട വൻ ലഹരിമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണിയാണ് ഇയാൾ.
മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വ്യാജപേരിലാണ് വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞിരുന്നത്.
പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി മരിച്ചുപോയ ഒരാളുടെ തിരിച്ചറിയൽ രേഖയും മൊബൈൽ നമ്പറുമാണ് ഇയാൾ ലഹരി ശൃംഖല പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്.
ജൂൺ 28-ന് വടകരയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിലായതിനെത്തുടർന്നാണ് ലഹരി സംഘത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അധ്യാപികമാർ ഉൾപ്പെടെയുള്ള നിരവധി പേർ അറസ്റ്റിലായിരുന്നു.
മലബാർ മേഖലയിലുടനീളം സിന്തറ്റിക് ലഹരിമരുന്ന് വിതരണം ചെയ്തത് ഈ സംഘമായിരുന്നു.




