Skip to content
November 19, 2026
⌕

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം കീറി ഷൈന എൻസി; വിവാദം | Shaina NC Bal Thackeray Photo Controversy

November 18, 2026
Share this post to

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങിങ്’ നെതിരെ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന നടത്തിയ പ്രതിഷേധം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. പ്രതിഷേധത്തിനിടെ ശിവസേന നേതാവ് ഷൈന എൻസി അറിയാതെ പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം കീറിയതാണ് വിവാദമായത്. സംഭവത്തിൽ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും കോൺഗ്രസും ഷൈനയ്ക്കെതിരെ രംഗത്തെത്തി. വീർ സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്നും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചായിരുന്നു ബുധനാഴ്ച ഷിൻഡെ വിഭാഗത്തിന്റെ പ്രതിഷേധം. (Shaina NC Bal Thackeray Photo Controversy)

ഷൈന എൻസി, സഞ്ജയ് നിരുപം, ആനന്ദ് ദുബെ തുടങ്ങിയ നേതാക്കൾ പുസ്തകത്തിലെ 201, 443 പേജുകൾ കീറിക്കളയുകയും വിവാദ പരാമർശങ്ങൾ പ്രസാധകരായ ഹാർപ്പർകോളിൻസ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ നേതാക്കൾ കീറിയത് 2004ലെ ഒരു പ്രതിഷേധത്തിന്റെ ചിത്രമായിരുന്നു. അന്ന് മണിശങ്കർ അയ്യരുടെ കോലം ചെരിപ്പുകൊണ്ട് അടിക്കുന്ന ബാൽ താക്കറെയാണ് ചിത്രത്തിലുള്ളത്. സഞ്ജയ് നിരുപം പിഴവ് ചൂണ്ടിക്കാട്ടിയതോടെ ഷൈന കീറിയ ചിത്രം വേഗത്തിൽ കടലാസുകൾക്കിടയിൽ മറയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ബാൽ താക്കറെയുടേതല്ല, മണിശങ്കർ അയ്യരുടെ ചിത്രമാണ് താൻ കീറിയതെന്ന് ഷൈന പിന്നീട് വിശദീകരിച്ചു.

സംഭവത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത് രൂക്ഷവിമർശനവുമായി രംഗത്തെത്തി. ബാൽ താക്കറെയെ അപമാനിക്കുന്നവരെ പരസ്യമായി ശിക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുംബൈ മുനിസിപ്പൽ കോർപറേഷനിലും പ്രതിഷേധമുയർന്നു. ഷൈനയെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം കൗൺസിലർമാർ മുദ്രാവാക്യം വിളിച്ചു. മുൻ മുംബൈ മേയർ കിഷോരി പെഡ്നേക്കറും സംഭവത്തെ വിമർശിച്ചു.
അതേസമയം, സോണിയ ഗാന്ധിയുടെ പുസ്തകം ഉദ്ധവ് വിഭാഗത്തിന് ഭഗവദ്ഗീത പോലെയായെന്നും മണിശങ്കർ അയ്യരുടെ ചിത്രമാണ് കീറിയതെന്നുമായിരുന്നു ഷിൻഡെ വിഭാഗം നേതാവ് അമേയ് ഘോളെയുടെ പ്രതികരണം. വിവാദത്തെ തുടർന്ന് ഷൈന എൻസിയെ ഉപമുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏകനാഥ് ഷിൻഡെ നിയമസഭയിൽ വിളിച്ചുവരുത്തി. മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്‌വാദും സംഭവത്തെ വിമർശിച്ചു.

2004ലെ പ്രതിഷേധത്തിന്റെ പശ്ചാത്തലം

2004 ഓഗസ്റ്റ് 27ന് മുംബൈയിലെ ശിവാജി പാർക്കിലുള്ള സവർക്കർ സ്മാരകത്തിന് സമീപമായിരുന്നു ബാൽ താക്കറെയുടെ നേതൃത്വത്തിൽ ‘ജോഡേ മാരോ’ പ്രതിഷേധം നടന്നത്. വീർ സവർക്കറെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ച് അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കർ അയ്യർക്കെതിരെയായിരുന്നു പ്രതിഷേധം. സ്വന്തം ചെരിപ്പുമായെത്തിയ ബാൽ താക്കറെ അയ്യരുടെ കോലത്തിൽ അടിക്കുകയും പിന്നീട് ശിവസേന നേതാക്കളും പ്രവർത്തകരും പഴയ ചെരിപ്പുകൾ ഉപയോഗിച്ച് കോലത്തിൽ അടിക്കുകയും ചെയ്തിരുന്നു.

Summary: A protest by the Eknath Shinde-led Shiv Sena against Sonia Gandhi’s memoir turned controversial after Shaina NC accidentally tore a photograph featuring party founder Bal Thackeray. While Shaina clarified that she had torn a picture of Mani Shankar Aiyar, the incident triggered criticism from the Uddhav Thackeray faction and Congress leaders.

Get more updates from Pudukad News on Google