Skip to content
November 19, 2026
⌕

സിക്സറുകൾ പറത്തി ബാസിദിന്റെ പോരാട്ടം; സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആന്ധ്രയോട് തോൽവി | Kerala vs Andhra

November 18, 2026
Share this post to
Kerala vs Andhra

മൊഹാലി: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ ആന്ധ്രയോട് കേരളത്തിന് 29 റൺസ് തോൽവി (Kerala vs Andhra). ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ കേരളത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തിൽ 70 റൺസുമായി പുറത്താകാതെ തകർപ്പൻ പ്രകടനം നടത്തിയ അബ്ദുൾ ബാസിദിന്റെ പോരാട്ടത്തിനും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. ആന്ധ്രയുടെ എസ്.വി. രാഹുലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആന്ധ്രയ്ക്ക് ഓപ്പണർമാരായ ഷൈക് റഷീദും ഹേമന്ത് റെഡ്ഡിയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 5.1 ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. ആറാം ഓവറിൽ ഹേമന്ത് റെഡ്ഡിയെയും പിന്നാലെ ക്യാപ്റ്റൻ റിക്കി ഭുവിയെയും പുറത്താക്കി ബിജു നാരായണൻ കേരളത്തിന് പ്രതീക്ഷ നൽകി.

എന്നാൽ ഷൈക് റഷീദും എസ്.വി. രാഹുലും ചേർന്ന് 42 പന്തിൽ 69 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ 60 റൺസെടുത്ത റഷീദിനെ അബ്ദുൾ ബാസിദ് പുറത്താക്കി. അഞ്ചാം വിക്കറ്റിൽ എസ്.വി. രാഹുലും അശ്വിൻ ഹെബ്ബാറും ചേർന്ന് 18 പന്തിൽ 50 റൺസ് നേടിയതോടെ ആന്ധ്ര കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. രാഹുൽ 30 പന്തിൽ 64 റൺസും ഹെബ്ബാർ 15 പന്തിൽ 37 റൺസും നേടി. അവസാന ഘട്ടത്തിൽ ഏഴ് പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്ന കെ. രാജുവും തിളങ്ങി. കേരളത്തിനായി എം.ഡി. നിധീഷ് മൂന്ന് വിക്കറ്റും ബിജു നാരായണൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 13 പന്തിൽ 26 റൺസെടുത്ത സഞ്ജു സാംസണെ പി.വി.എസ്. രാജു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. പിന്നാലെ നാല് റൺസെടുത്ത രോഹൻ കുന്നുമ്മലും മടങ്ങി. വിഷ്ണു വിനോദും ഗോവിന്ദ് പൈയും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. 13 റൺസെടുത്ത വിഷ്ണു വിനോദ് പുറത്തായതോടെ ക്രീസിലെത്തിയ അബ്ദുൾ ബാസിദ് തുടക്കം മുതൽ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്തു.

ഗോവിന്ദ് പൈ (36), സൽമാൻ നിസാർ (13) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ബാസിദും ഷറഫുദ്ദീനും ചേർന്ന് കേരളത്തിന്റെ പ്രതീക്ഷ നിലനിർത്തി. 17-ാം ഓവറിൽ തുടർച്ചയായി നാല് പന്തുകൾ അതിർത്തി കടത്തിയ ബാസിദ് ആ ഓവറിൽ 21 റൺസ് നേടി. അവസാന ഓവറിലും ഇരുവരും ഫോറും സിക്സറും നേടിയെങ്കിലും വിജയലക്ഷ്യത്തിലെത്താനായില്ല.

35 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 70 റൺസുമായി ബാസിദ് പുറത്താകാതെ നിന്നു. ഷറഫുദ്ദീൻ 13 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ആന്ധ്രയ്ക്കായി വെങ്കട് ശശികാന്തും കെ. രാജുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Summary:
Kerala suffered a 29-run defeat against Andhra in the Syed Mushtaq Ali Trophy T20 tournament. Despite Abdul Basith’s unbeaten 70 off 35 balls, Kerala finished at 196/5 while chasing Andhra’s 226-run target.

Get more updates from Pudukad News on Google