‘കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാർ’; കേരളത്തിൽ യുഡിഎഫ് നടപ്പാക്കുന്നത് സംഘപരിവാർ നയമെന്ന് പിണറായി വിജയൻ; പിഎം ശ്രീക്കെതിരെ വിമർശനം | Pinarayi Vijayan Criticises UDF Government

പാലക്കാട്: കേരളത്തിലെ യുഡിഎഫ് സർക്കാർ സംഘപരിവാർ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. യുവമോർച്ച, എബിവിപി പ്രവർത്തകരോട് ചോദിച്ചാൽ കേരളത്തിൽ തങ്ങളുടെ ഭരണമാണ് നടക്കുന്നതെന്ന് പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. വന്ദേമാതരം വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടല്ല കേരളത്തിലെ സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും സംഘപരിവാർ നയങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പിഎം ശ്രീ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. (Pinarayi Vijayan Criticises UDF Government)
എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാൽ യുഡിഎഫ് സർക്കാർ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. സവർക്കറെ പ്രകീർത്തിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്നും ബാലഗോകുലത്തിന്റെ മയിൽപ്പീലി സ്കോളർഷിപ്പ് പദ്ധതിയും ഇതിന്റെ ഭാഗമാണെന്നും പിണറായി വിമർശിച്ചു. ഇത്തരം നടപടികളെ പ്രബുദ്ധ കേരളം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഭരണകാലത്ത് മികച്ച രീതിയിൽ മുന്നോട്ടുപോയിരുന്ന പല ആദിവാസി ക്ഷേമപദ്ധതികളും ഇപ്പോൾ അവതാളത്തിലാണെന്നും പിണറായി ആരോപിച്ചു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Summary: Pinarayi Vijayan accused the UDF government in Kerala of implementing policies aligned with the Sangh Parivar, particularly in the education sector. He criticised the government’s support for the PM SHRI scheme and raised concerns over tribal welfare programmes, while demanding ₹5 lakh compensation for the families of children who died.




