Skip to content
November 19, 2026
⌕

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ എസ് പി-കോൺഗ്രസ് തർക്കം; 181 സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസിന് 24 മാത്രം നൽകാമെന്ന് അഖിലേഷ് | Uttar Pradesh Assembly Election

November 18, 2026
Share this post to
Akhilesh Yadav Rahul Gandhi

ലക്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യമായ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ആകെയുള്ള 403 സീറ്റുകളിൽ 181 എണ്ണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ 24 സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടി. (Uttar Pradesh Assembly Election)

ദില്ലിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയ ശേഷം അഖിലേഷുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് സൂചന. നിലവിൽ യുപി നിയമസഭയിൽ രണ്ട് അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ് ഇത്രയധികം സീറ്റുകൾ ആവശ്യപ്പെടുന്നതിനെ ബിജെപി നേരത്തേ പരിഹസിച്ചിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി ബിജെപിയും രംഗത്തുണ്ട്. മഥുരയിൽ നടന്ന രണ്ടുദിവസത്തെ യോഗത്തിൽ അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രചാരണ തന്ത്രങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി ദില്ലിയിലെത്തിയ യോഗി, പാർട്ടി അധ്യക്ഷൻ നിതിൻ നവീനുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.

സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങളെന്നാണ് വിവരം. ബൂത്ത് തലത്തിൽ പാർട്ടിക്കുള്ളിലെ ഏകോപനം ശക്തമാക്കാനും മഥുര യോഗത്തിൽ തീരുമാനമായി. ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നിതിൻ നവീൻ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Summary: Seat-sharing tensions have emerged between the Samajwadi Party and Congress ahead of the 2027 Uttar Pradesh Assembly elections. While Congress reportedly sought 181 of the 403 seats, the SP is willing to offer only 24. Meanwhile, the BJP has intensified its election preparations under Yogi Adityanath.

Get more updates from Pudukad News on Google