Skip to content
November 20, 2026
⌕

പത്മജ വേണുഗോപാലിന്റെ തിരിച്ചുവരവ് ;പാര്‍ട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല, വ്യക്തിപരമായ അഭിപ്രായം പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍,മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും, കെ.പി.സി.സി നേതൃത്വത്തിന് കത്ത് നല്‍കാനൊരുങ്ങി പത്മജ വേണുഗോപാല്‍

November 20, 2026
Share this post to

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരന്‍ ആവര്‍ത്തിച്ചു. പാര്‍ട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും. ബിജെപി വിട്ട് ആളുകള്‍ വരുന്നത് നല്ലതാണെന്നും പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ പണി കുറവാണെന്നും ആ പണി മറ്റു ചിലര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. ഇതോടെ ആരോഗ്യവകുപ്പിന്റെ മെക്കിട്ട് ആരും കയറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് കത്ത് നല്‍കാനൊരുങ്ങുകയാണ് പത്മജ വേണുഗോപാല്‍. പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനെ പത്മജ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തിരിച്ചെടുക്കുന്നതില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുക.

ബിജെപിയില്‍ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോള്‍ തിരുത്തുകയാണെന്നും പത്മജ വ്യക്തമാക്കി. പാര്‍ട്ടിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയതാണെന്നും അവര്‍ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ. മുരളീധരനെയാണെന്നും ചേട്ടനെ തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും ബിജെപി വാഗ്ദാനങ്ങളൊന്നും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് അറിയാമായിരുന്നുവെന്നും കോണ്‍ഗ്രസില്‍ പദവി ലക്ഷ്യമിട്ടല്ല മടങ്ങിവരുന്നതെന്നും ആരുമായും തര്‍ക്കത്തിനില്ലെന്നും പത്മജ വ്യക്തമാക്കി.

പത്മജയുടെ രാജിയില്‍ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. പത്മജയുടെ രാജി നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ പ്രതികരിച്ചു. പത്മജയുമായി നല്ല ബന്ധമാണുള്ളതെന്നും അവര്‍ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പറഞ്ഞ അനീഷ് കുമാര്‍, ഈ രാജി ബിജെപിയെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google