കലയും തീവ്രവാദവും ഒരുമിച്ചുപോകില്ല; പാകിസ്ഥാൻ സീരീസ് സ്ട്രീം ചെയ്യരുതെന്ന് നെറ്റ്ഫ്ലിക്സിനോട് കേന്ദ്രം, പഹൽഗാം ആക്രമണത്തിനുശേഷമുള്ള നടപടി

ഡൽഹി : പാകിസ്ഥാനിൽ നിന്നുള്ള കണ്ടന്റുകൾ ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. 2025 മെയ് എട്ടിന് പുറപ്പെടുവിച്ച മാർഗനിർദ്ദേശം കർശനമായി പാലിക്കണമെന്നാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
പാകിസ്ഥാനിൽ നിർമിച്ച ‘ജോ ബച്ചേ ഹേ സങ് സമേറ്റ് ലോ’ എന്ന വെബ് സീരീസിന്റെ ഇന്ത്യയിലെ റിലീസുമായി ബന്ധപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
2025 ജൂണിൽ നെറ്റ്ഫ്ലിക്സ് നൽകിയ ഉറപ്പിൽ ഉറച്ചുനിൽക്കണമെന്നും അന്ന് സ്വീകരിച്ച നിലപാട് തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള സിനിമകളോ സീരീസുകളോ ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ് അന്ന് മന്ത്രാലയത്തെ അറിയിച്ചിരുന്നു.
2025 ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനിൽ നിന്നുള്ള വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്കാസ്റ്റുകൾ, മറ്റ് സ്ട്രീമിംഗ് കണ്ടന്റുകൾ എന്നിവ ഇന്ത്യയിൽ നിർത്തലാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്കും മീഡിയ ഇന്റർമീഡിയറികൾക്കും കേന്ദ്രം നിർദേശം നൽകിയത്.
ഫർഹത്ത് ഇഷ്തിയാഖിന്റെ 2013-ലെ ഉറുദു നോവലിനെ ആസ്പദമാക്കി നിർമിച്ച ‘ജോ ബച്ചേ ഹേ സങ് സമേറ്റ് ലോ’ (അന്താരാഷ്ട്ര തലത്തിൽ ‘ഓൾ ദ ലവ് അവർ ഹാർട്ട്സ് ക്യാരി’ എന്ന പേരിൽ) ഡിസംബർ നാലിനാണ് നെറ്റ്ഫ്ലിക്സിൽ ആഗോളതലത്തിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന പ്രണയകഥയാണ് സീരീസ് കൈകാര്യം ചെയ്യുന്നത്.
ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഈ സീരീസ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിവിധ സിനിമാ സംഘടനകളും രംഗത്തെത്തിയിരുന്നു. ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ തേടുകയും, പാകിസ്ഥാനി കലാകാരന്മാരുടെയും കണ്ടന്റകളുടെ മേൽ സ്ഥിരമായ നിരോധനം ആവശ്യപ്പെടുകയും ചെയ്തു.
സീരീസ് ഇന്ത്യയിൽ റിലീസ് ചെയ്താൽ നെറ്റ്ഫ്ലിക്സിന്റെ പ്രോജക്ടുകളുടെ ഷൂട്ടിംഗ് തടയുമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഈ വിവാദത്തെ വിമർശിച്ച് പാകിസ്ഥാൻ ആസൂത്രണ വികസന മന്ത്രി അഹ്സൻ ഇക്ബാൽ രംഗത്തെത്തി. കലയെയും സംസ്കാരത്തെയും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സീരീസ് ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാകുമോ എന്ന കാര്യത്തിൽ നെറ്റ്ഫ്ലിക്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




