ബി.ജെ.പിയിൽ ശോഭാ സുരേന്ദ്രനും ആർ. ശ്രീലേഖയും ഉൾപ്പെടെയുള്ള വനിതാ നേതാക്കൾക്ക് അർഹമായ പദവികൾ ലഭിക്കുന്നില്ലെന്ന് പദ്മിനി തോമസ്. സംസ്ഥാന പ്രസിഡന്റിനെ കാണാൻ ചെല്ലുമ്പോൾ പലപ്പോഴും അവിടെയുണ്ടാകില്ല. പ്രസിഡന്റ് പറയുന്ന കാര്യങ്ങൾ സെക്രട്ടറി നടപ്പിലാക്കാറില്ലെന്നും വിമർശനം. ചെറിയൊരു വിഷമത്തിന്റെ പുറത്ത് എടുത്തുചാടി ചെയ്ത തെറ്റ് കോൺഗ്രസ് ക്ഷമിക്കുമെന്നാണ് വിശ്വാസമെന്നും പദ്മിനി
തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്നതിൽ കടുത്ത ദുഃഖമുണ്ടെന്നും ആ തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് മടങ്ങുകയാണെന്നും മുൻ കായികതാരവും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പദ്മിനി തോമസ്.
ബി.ജെ.പിയിൽ ശോഭാ സുരേന്ദ്രൻ, മുൻ ഡി.ജി.പി ആർ. ശ്രീലേഖ, പത്മജ വേണുഗോപാൽ തുടങ്ങിയ വനിതാ നേതാക്കൾക്ക് അർഹമായ പദവികൾ ലഭിക്കുന്നില്ലെന്നും, പാർട്ടിയിലെ ചില നിലപാടുകളുമായി യോജിച്ചുപോകാൻ കഴിയില്ലെന്നും അവർ തുറന്നടിച്ചു.
രണ്ടര വർഷത്തെ ബി.ജെ.പി പ്രവർത്തനത്തിനിടെ പാർട്ടിയുടെ പ്രവർത്തനരീതികൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞെന്ന് പദ്മിനി തോമസ് പറഞ്ഞു. പല കാര്യങ്ങളും പറയുമെങ്കിലും അനുകൂലമായ തീരുമാനങ്ങളൊന്നും ഉണ്ടാകുന്നില്ല. അവസാനമായപ്പോഴേക്കും നേതാക്കളെ കാണാൻ പോലും ബുദ്ധിമുട്ടായി.
കാണാൻ ചെല്ലുമ്പോൾ പലപ്പോഴും സംസ്ഥാന പ്രസിഡന്റ് അവിടെയുണ്ടാകില്ലെന്നും, പ്രസിഡന്റ് സെക്രട്ടറിയോട് പറയുന്ന കാര്യങ്ങൾ സെക്രട്ടറി നടപ്പിലാക്കാറില്ലെന്നും അവർ വിമർശിച്ചു.
ഉപാധികളൊന്നും മുന്നോട്ടുവെച്ചല്ല ബി.ജെ.പിയിൽ ചേർന്നതെങ്കിലും, കായിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാമെന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും അവർ വ്യക്തമാക്കി.
ചെറിയൊരു വിഷമത്തിന്റെ പുറത്ത് എടുത്തുചാടി ചെയ്ത കാര്യമായിരുന്നു ബി.ജെ.പി പ്രവേശനമെന്നും, ആ തെറ്റ് തിരുത്തുകയാണെന്നും പദ്മിനി തോമസ് പറഞ്ഞു. അർജുന പുരസ്‌കാരത്തിനുള്ള ശുപാർശ മുതൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദവി വരെയുള്ള നേട്ടങ്ങളിൽ തനിക്കൊപ്പം നിന്നത് കോൺഗ്രസാണ്.
തനിക്ക് സംഭവിച്ച തെറ്റ് ക്ഷമിക്കാനും തിരുത്താൻ അവസരം നൽകാനും കോൺഗ്രസിന് സാധിക്കുമെന്നാണ് വിശ്വാസം. കോൺഗ്രസ് പ്രവേശനത്തിനായി കത്ത് നൽകിയിട്ടുണ്ടെന്നും, കെ.പി.സി.സി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും നേതാക്കൾ കൂട്ടായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.




