
കോട്ടയം: കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന വാർത്തകൾ പൂർണ്ണമായും തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. യുഡിഎഫ് പ്രവേശനം എന്നത് ഇപ്പോൾ ഒരു ‘തുറക്കാത്ത പുസ്തകം’ ആണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കിൽ അത് വായിച്ച് വേഗം അടച്ചുവെച്ചോളൂ എന്നും അദ്ദേഹം പരിഹസിച്ചു. പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളല്ല പാർട്ടിയുടെ അജണ്ട നിശ്ചയിക്കുന്നതെന്നും എൽഡിഎഫിന്റെ മേഖല ജാഥാ ഒരുക്കങ്ങളാണ് ഇന്നത്തെ യോഗം പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടിയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റിയിൽ പങ്കെടുത്ത മറ്റ് നേതാക്കളും ആവർത്തിച്ചു. പാർട്ടിയുടെ വളർച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം കള്ളപ്രചരണങ്ങൾ നടത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. യുഡിഎഫിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത് മനംമാറ്റമാണെന്നും എന്നാൽ മുന്നണി മാറുന്നതിനെക്കുറിച്ച് തങ്ങൾ ആരും ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റിയറിങ് കമ്മിറ്റിയുടെ അജണ്ടയിൽ ഇല്ലാത്ത കാര്യമാണ് ഇതെന്നും പാർട്ടി എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും എൻ. ജയരാജ് എംഎൽഎയും വ്യക്തമാക്കി.
എന്നാൽ നേതാക്കൾ പരസ്യമായി ഇത്തരം പ്രചരണങ്ങൾ തള്ളുമ്പോഴും പാർട്ടിക്കുള്ളിൽ മുന്നണി മാറ്റത്തിനുള്ള ചർച്ചകൾ സജീവമാണെന്നാണ് ലഭിക്കുന്ന സൂചനകൾ. റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളെയും ജില്ലാ കമ്മിറ്റികളെയും ഒരേപോലെ ഒപ്പം നിർത്തിക്കൊണ്ടുള്ള ഒരു നീക്കത്തിനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സ്റ്റിയറിങ് കമ്മിറ്റി ആയതിനാൽ തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച ഗൗരവകരമായ ചർച്ചകൾ യോഗത്തിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
The post യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം; ആരെങ്കിലും തുറന്നാൽ വേഗം അടച്ചുവെച്ചോളൂ! ജോസ് കെ. മാണി appeared first on Express Kerala.



