
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിലും സഞ്ജു സാംസൺ നിരാശപ്പെടുത്തിയതോടെ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുകയാണ്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ സഞ്ജുവിന് ഈ പരമ്പരയിൽ ആകെയുള്ളത് വെറും 16 റൺസ് (10, 6, 0) മാത്രമാണ്. ഓപ്പണറായി ഇറങ്ങിയ കഴിഞ്ഞ ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് വെറും 11.55 ശരാശരിയിൽ 104 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. മറുവശത്ത് ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശർമ്മ വെറും 14 പന്തിൽ അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ ഫോമിൽ തുടരുന്നതും സഞ്ജുവിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ് സഞ്ജുവിന് കൃത്യമായ ഉപദേശവും പിന്തുണയുമായി മുൻ സഹതാരം അജിങ്ക്യ രഹാനെ രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിനെ ഫോമിലേക്ക് തിരികെ കൊണ്ടുവരാൻ ടീം മാനേജ്മെന്റ് ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് രഹാനെ പറയുന്നു.
രഹാനെയുടെ പ്രധാന നിർദ്ദേശങ്ങൾ
മറ്റൊരു താരത്തെയും അനുകരിക്കാൻ ശ്രമിക്കാതെ സഞ്ജു സ്വന്തം ശൈലിയിൽ കളിക്കണമെന്ന് രഹാനെ ഓർമ്മിപ്പിക്കുന്നു. അഭിഷേക് ശർമ്മ മറുവശത്ത് തകർത്തു കളിക്കുമ്പോൾ തനിക്കും വേഗത്തിൽ റൺസ് കണ്ടെത്തണം എന്ന സമ്മർദ്ദം സഞ്ജുവിനെ ബാധിക്കുന്നുണ്ടാകാം. ഇത് ഒഴിവാക്കി ആദ്യ ഒന്നോ രണ്ടോ ഓവറുകൾ ക്രീസിൽ സമയം ചെലവഴിക്കാൻ സഞ്ജു തയ്യാറാകണം. വലിയ സ്കോറുകൾക്ക് പിന്നാലെ പോകാതെ, ചെറിയ ഇന്നിംഗ്സുകളിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് രഹാനെയുടെ ഉപദേശം.
ടീം മാനേജ്മെന്റ് ചെയ്യേണ്ടത്
സഞ്ജുവിനോട് നീ ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഉറിച്ചു പറയണം. ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം ഗെയിം പ്ലാനിൽ ഉറച്ചുനിൽക്കാൻ സഞ്ജുവിനെ അനുവദിക്കണമെന്നും രഹാനെ വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിനായി കളിച്ചിരുന്ന ആ പഴയ സഞ്ജുവിനെ തിരികെ കൊണ്ടുവരാൻ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നത് സഞ്ജുവിന് വെല്ലുവിളിയാണെങ്കിലും, വരും മത്സരങ്ങളിൽ ഫോമിലേക്ക് തിരിച്ചെത്താൻ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
The post അഭിഷേകിനെ അനുകരിക്കേണ്ട, നീ നിന്റെ കളി കളിക്ക്; സഞ്ജു സാംസണെ ഉപദേശിച്ച് അജിങ്ക്യ രഹാനെ appeared first on Express Kerala.




