PUDUKAD-NEWS-PUTHUKAD-NEWS

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് കേസ് : നേതാക്കളെ പ്രതിചേർത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് സിപിഎം

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സിപിഎം നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടർച്ചയാണ് പിഎംഎൽഎ കോടതിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ കെ. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ എ.സി. മൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗം എം.എം. വർഗ്ഗീസ് തുടങ്ങിയവർക്ക് ജൂലൈ 4ന് ഹാജരാകുവാൻ നോട്ടീസ് അയച്ചിരിക്കുകയാണ്.

ബാങ്കിൽ നടന്ന ക്രമക്കേടിന്റെ പേരിൽ പാർട്ടിയെയും ജില്ലാ സെക്രട്ടറിമാരായിരുന്നവരെയും പ്രതി ചേർക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് പ്രതി ചേർത്തതെന്ന് സിപിഎം ആരോപിച്ചു.

ബിജെപിയുടെ ദാസന്മാരായി നിന്ന് ജനനേതാക്കളെ അപകീർത്തിപ്പെടുത്താനും അതുവഴി പാർട്ടിയെ ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്. അതിനുമുന്നിൽ കീഴടങ്ങാൻ ഒരുക്കമല്ലെന്നും സിപിഎം വ്യക്തമാക്കി.

കെ. രാധാകൃഷ്ണനും എ.സി. മൊയ്തീനും എം.എം. വർഗ്ഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അഴിമതി നടത്തിയെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ ഇ.ഡി. പറഞ്ഞാൽ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. ജില്ലാ സെക്രട്ടറിയായിരുന്ന ഇവർ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചവരാണ്. സർക്കാരിനൊപ്പം നിന്ന് അഴിമതിക്കാർക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുന:സ്ഥാപിച്ച് നിക്ഷേപകർക്ക് പണം തിരിച്ചു നൽകുവാൻ സംവിധാനം ഉണ്ടാക്കുകയും ചെയ്തവരാണ്.

ആരോപണങ്ങൾ അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടർന്നാണ്. ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ താൽപര്യത്തോടെ ഇ.ഡി. വന്നുകയറിയത് എന്നും സിപിഎം സെക്രട്ടറിയേറ്റ് ആരോപിച്ചു.

വൈരാഗ്യ ബുദ്ധിയോടെയുള്ള ഇ.ഡി.യുടെ നീക്കങ്ങളെ തിരിച്ചറിയണമെന്നും കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

Spread the love
See also  സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലര്‍ട്ട്, മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top