ഇരിങ്ങാലക്കുട കോടതി സമുച്ചയം നാടിന് സമർപ്പിച്ചു; ഭൗതിക സൗകര്യങ്ങൾ വികസിക്കുന്നതോടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്കും നീതി എളുപ്പത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷ പങ്ക് വച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്
ഇരിങ്ങാലക്കുട : ഭൗതികസൗകര്യങ്ങൾ വികസിക്കുന്നതോടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്കും നീതി എളുപ്പത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷ പങ്ക് വച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. 93 കോടി രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുടയിൽ നിർമ്മാണം പൂർത്തീകരിച്ച കോടതി സമുച്ചയത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജുഡീഷ്യൽ കോംപ്ലക്സുകളും അത്യാധുനിക സൗകര്യങ്ങളും നിലവിൽ വരുന്നതോടെ കോടതികളും ജനങ്ങളും തമ്മിലുള്ള അകലം കുറയുകയാണ്. ഉദ്ഘാടന ചടങ്ങിൽ നേരിട്ട് എത്താമെന്നാണ് പ്രതീക്ഷിച്ചിരുന്നത് . എന്നാൽ കേരളത്തിലെ പ്രകൃതിക്ഷോഭങ്ങൾ അടക്കമുള്ള സാഹചര്യങ്ങളെ തുടർന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു . അടുത്ത് തന്നെ കേരളം സന്ദർശിക്കുമെന്നും ഓണത്തിൻ്റെ ഐതിഹ്യവും സമത്വ സങ്കല്പവും പങ്ക് വച്ച് കൊണ്ട് ചീഫ് ജസ്റ്റീസ് പറഞ്ഞു. ഹൈക്കോടതി ജസ്റ്റീസ് സൗമെൻ സെൻ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് എസ് ഈശ്വരൻ , അഡ്വേക്കറ്റ് ജനറൽ കെ ജൈജു ബാബു , ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ വി എസ് ലീയോ എന്നിവർ ആശംസകൾ നേർന്നു. ജസ്‌റ്റീസ് പി വി കുഞ്ഞികൃഷ്ണൻ സ്വാഗതവും ഡിസ്ട്രിക്റ്റ് ജഡ്ജ് പി എസ് ശശികുമാർ നന്ദിയും പറഞ്ഞു . ന്യായാധിപർ , അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ , മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ്, മറ്റ് ജനപ്രതിനിധികൾ, അഭിഭാഷകർ , ക്ലർക്കുമാർ, കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു



